Kannur
ഏഴിമല ചെരുവിൽ പാലക്കോട് ഭൂമിയിൽ വിള്ളൽ; എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പയ്യന്നൂർ:ഏഴിമല താഴ്വരയായ പാലക്കോട് ഓലക്കാൽ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ. കുന്ന് ഇടിഞ്ഞു പാറകൾ താഴേക്ക് പതിക്കുവാനുള്ള ഗുരുതരമായ സാധ്യത നിലനിൽക്കുന്നതിനാൽ സമീപത്ത് സ്ഥിതിചെയ്യുന്ന എട്ടോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.ബുധനാഴ്ച വൈകുന്നേരമാണ് കക്കംപാറ വെയിറ്റിംഗ് ഷെഡ്‌ന് കീഴ്ഭാഗത്ത് പാറകളോട്കൂടിയ കുന്നിൻ ചെരുവിൽ ഭൂമി വിണ്ടു കീറിയ നിലയിൽ കണ്ടെത്തിയത്. ഇതിൻറെ സമീപത്ത് നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്.
സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദൻ, വില്ലേജ് ഓഫീസർ സുധീർകുമാർ, പഞ്ചായത്ത് അംഗങ്ങൾ, മുസ്ലിം ലീഗ് നേതാക്കളായ കെ സി ഖാദർ , ടി പി ആസിഫ് ,കെ സി മുസ്തഫ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാറകൾ ഏതുനിമിഷവും താഴേക്ക് പതിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ താഴെ താമസിക്കുന്ന കുടുംബങ്ങൾക് വീട് ഒഴിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകി. തുടർന്നാണ് 8 ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയത്. പ്രദേശത്ത് ഏതാനും വർഷം മുമ്പ് വ്യാപകമായ തോതിൽ കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. ഇതാണ് ഭൂമി വിണ്ടുകീറിയതിനു കാരണം എന്നാണ് സംശയിക്കുന്നത് .