Connect with us

National

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിലവിലെ നിയമം അപര്യാപ്തം; കടുത്ത ശിക്ഷ ഉറപ്പുവരുത്തണം- മായാവതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. ആള്‍ക്കൂട്ട ആക്രമണക്കേസില്‍ നിലവില്‍ കൊടുക്കുന്ന ശിക്ഷ പര്യാപ്തമല്ലെന്നും പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ നിരപരാധിയായ സ്ത്രീകളെയാണ് ആള്‍കൂട്ടം യു പയില്‍ ആക്രമിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്നും മറ്റും ആരോപിച്ച് ക്രൂരമായ ആക്രമണങ്ങള്‍ക്കാണ് സ്ത്രീകളെ വിധേയരാക്കുന്നത്. നിരപരാധികളെ അടിച്ച് കൊലപ്പെടുത്തുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ കൈക്കൊള്ളേണ്ടിയിരിക്കുന്നു. എന്നാല്‍ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയരാണെന്നും മായാവതി പറഞ്ഞു.

മായാവതിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യു പിയിലെ ലോനി മേഖലയില്‍ ഒരു സ്ത്രീ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ കൊച്ചുമകനൊപ്പം സാധനങ്ങള്‍ വാങ്ങാനിറങ്ങിയ സ്ത്രീയെയായിരുന്നു ഒരു സംഘം മര്‍ദിച്ചത്.

കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അത് ഈ സ്ത്രീയാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയത്. കൂടെയുള്ളത് തന്റെ കൊച്ചുമകനാണെന്ന് അക്രമികളെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് അംഗീകരിച്ചില്ലെന്നാണ് യുവതിയുടെ പരാതി.