വാഹന രജിസ്‌ട്രേഷന്‍ കേസ്: അമല പോളിനെയും ഫഹദ് ഫാസിലിനെയും ഒഴിവാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Posted on: August 28, 2019 12:33 pm | Last updated: August 28, 2019 at 12:33 pm

കൊച്ചി: സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അമല പോളും ഫഹദ് ഫാസിലും പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്ട്രഷന്‍ നടത്തിയത്. ഇതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ല. എന്നാല്‍ അമല പോള്‍ വ്യാജ രേഖ ചമച്ചിട്ടുണ്ട്. ഈ കേസ് എടുക്കേണ്ടത് പോണ്ടിച്ചേരി സര്‍ക്കാറാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഇരുവരെയും പ്രതികളാക്കി കേസെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതേസമയം, വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടരും. വ്യാജരേഖ ചമക്കല്‍, വഞ്ചനാക്കുറ്റം എന്നിവയാണ് സുരേഷ് ഗോപിക്കെതിരായ കേസുകള്‍.

പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകക്ക് താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്.

ചെന്നൈയിയിലെ ഷോറൂമില്‍ നിന്ന് വാങ്ങിയ ബെന്‍സ് കാറാണ് അമല പോള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ അധികം നല്‍കേണ്ടിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് ക്രമക്കേടായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴി വാങ്ങായ കാറാണ് ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. അമലയും ഫഹദും ഒരേ മേല്‍വിലാസത്തിലാണ് വാഹന രജസിട്രേഷന്‍ നടത്തിയത്. ഇതാണ് ക്രമടായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ കേരളത്തില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.