Gulf
നൂതന വിദ്യാഭ്യാസ ഫോറം കുദ്വ ഒക്ടോബറില്‍ അബുദാബിയില്‍

അബുദാബി : അധ്യാപന നിലവാരം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നൂതന വിദ്യാഭ്യാസ ഫോറം കുദ്വ ഒക്ടോബറില്‍ അബുദാബിയില്‍ നടക്കും. ഒക്ടോബര്‍ 5 മുതല്‍ 6 വരെ അബുദാബി മനാറാത് അല്‍ സാദിയാത്ത് എക്‌സിബിഷന്‍ സെന്ററിലാണ് ഫോറം നടക്കുക. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിലെ വിദ്യാഭ്യാസ കാര്യാലയമാണ് പരിപാടി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ആഗോള തലത്തില്‍ യുഎഇയെ സ്ഥാനപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ സഹായിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. യുഎഇലെ അധ്യാപന വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കഴിയുന്ന മികച്ച പരിശീലനങ്ങള്‍ പങ്കുവക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ് കുദ്വ, അബുദാബിയിലെ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിലെ വിദ്യാഭ്യാസ കാര്യ കാര്യാലയം ഡയറക്ടര്‍ മുഹമ്മദ് അല്‍ നെയ്മി പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫോറത്തിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ രക്ഷാകര്‍തൃത്വത്തില്‍ 2016 ലാണ് കുദ്വ ആദ്യമായി സ്ഥാപിതമായത്.
വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരത്തോടെയാണ് ഫോറം നടക്കുന്നത്.
ആഗോള യോഗ്യതക്കായി പഠിപ്പിക്കുക എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഫോറത്തില്‍ വിദ്യാഭ്യാസ വിദഗ്ധരുമായി ഇടപഴകാനും ആശയങ്ങള്‍ പങ്കിടാനും അധ്യാപകരെ അനുവദിക്കും. കഴിഞ്ഞ ഫോറങ്ങളില്‍ 80 ലധികം രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും സ്‌പെഷ്യലിസ്റ്റുകളും പങ്കെടുത്തിരുന്നു. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 ല്‍ അധികം അധ്യാപകര്‍ ഫോറത്തില്‍ പങ്കെടുക്കും.