National
കശ്മീരിലെ മാധ്യമ വിലക്ക്: ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ തുടരുന്ന മാധ്യമ വിലക്കിനെതിരെ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജമ്മു കശ്മീരിലെ മാധ്യമ നിയന്ത്രണം സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
24 ദിവസമായി കശ്മീരില്‍ ഉപരോധം തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നേരിടുകയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ഒരു ഡോക്ടറെ വരെ പിടിച്ചുകൊണ്ടുപോയെന്ന് അനുരാധാ ഭാസിന്റെ അഭിഭാഷന്‍ ബൃന്ദ ഗ്രോവര്‍ കോടതിയെ അറിയിച്ചു.
വിഷയത്തില്‍ തങ്ങള്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്‍കി. നേരത്തെ അനുരാധയുടെ ഹരജി പരിഗണിച്ച സുപ്രീം കോടതി കശ്മീരില്‍ സാധാരണ ജീവിതം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കുറച്ചു സമയം കൊടുക്കണമെന്ന് പറഞ്ഞിരുന്നു.