ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റവും വിജയകരം

Posted on: August 28, 2019 10:59 am | Last updated: August 28, 2019 at 1:46 pm

ബെംഗളുരു: ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയായി. പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9:04 ന് ആരംഭിച്ച ഭ്രമണപഥ മാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. ചന്ദ്രനില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഉള്ളത്. പേടകത്തിലുള്ള എന്‍ജിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥമാറ്റം വെള്ളിയാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടക്ക് നടക്കും.

സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.