ചെക്ക് കേസ്; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ അജ്മാന്‍ കോടതിയില്‍

Posted on: August 27, 2019 8:09 pm | Last updated: August 28, 2019 at 10:39 am

ദുബൈ: ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ അപേക്ഷ നല്‍കി.മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തുഷാറിന്റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കും. അപേക്ഷ കോടതി സ്വീകരിച്ചാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.
ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ അറസ്റ്റിലായത്.