Kerala
ദുരിതാശ്വാസത്തിന് ഷിഹാബിന്റെ മോട്ടിവേഷന്‍; തുക മുഖ്യമന്ത്രിയെ നേരിട്ടെത്തി ഏല്‍പിച്ചു

തിരുവനന്തപുരം: മോട്ടിവേഷന്‍ ക്ലാസെടുത്ത് ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബ്. മോട്ടിവേഷന്‍ ക്ലാസുകളിലൂടെ പ്രശസ്തനായ ഭിന്നശേഷിക്കാരനായ ഇദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ടെത്തിയാണ് പണം കൈമാറിയത്.
ബാപ്പയും അനുജനും എടുത്താണ് മന്ത്രി കെ ടി ജലീലിനൊപ്പം ഷിഹാബിനെ മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തിച്ചത്. സുതാര്യമായ ദുരിതാശ്വാസനിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തുനിന്ന് ഇവിടെ എത്തി തുക കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വയ്യായ്ക വകവെക്കാതെ എത്തിയ ഷിഹാബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരനായ ഷിഹാബ് പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷമാണ് മോട്ടിവേഷന്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ ആയിരത്തോളം ക്ലാസുകള്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടുണ്ട്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നാണ് ഷഹാബുദ്ദീന്റെ ആഗ്രഹം.