അഭയ കേസില്‍ വീണ്ടും കൂറുമാറ്റം; കേസിലെ നാലാം സാക്ഷിയാണ് ഇന്ന് കൂറുമാറിയത്

Posted on: August 27, 2019 12:58 pm | Last updated: August 27, 2019 at 4:48 pm

കോട്ടയം: സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വിചാരണക്കിടെ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ് ഇന്ന് കൂറുമാറിയത്. സംഭവം നടന്ന ദിവസം രാത്രിയില്‍ പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടിരുന്നുവെന്ന് നല്‍കിയ മൊഴിയാണ് മാറ്റിയത്.

കേസില്‍ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയക്കൊപ്പം മുറി പങ്കിടുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം കൂറുമായിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് പ്രത്യേക സി ബി ഐ കോടതിയില്‍ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷത്തിനിപ്പുറം മൊഴി മാറ്റിപ്പറഞ്ഞിരിക്കുകയാണ് അനുപമ. അതിനാല്‍ സാക്ഷി കൂറുമാറിയതായി സി ബി ഐ കോടതി പ്രഖ്യാപിക്കുകയായിരുന്നു.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.