കശ്മീരില്‍ രണ്ടുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി; ഒരാളെ വെടിവച്ചു കൊന്നു

Posted on: August 27, 2019 12:12 pm | Last updated: August 27, 2019 at 2:20 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുജ്ജാര്‍ നാടോടി സമുദായക്കാരായ രണ്ടുപേരെ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോവുകയും ഇവരിലൊരാളെ വെടിവച്ചുകൊല്ലുകയും ചെയ്തു. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. രജൗരിയിലെ അബ്ദുല്‍ ഖദീര്‍ കോഹ്‌ലി, ശ്രീനഗറിലെ ഖോന്മോ മേഖലയിലെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് അജ്ഞാതരായ തോക്കുധാരികള്‍ പുല്‍വാമയിലെ ധോക്ക് വനപ്രദേശത്തെ താത്കാലിക വാസസ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് ഒരു പോലീസ് വക്താവ് വെളിപ്പെടുത്തി. വെടിയേറ്റ് കൊല്ലപ്പെട്ട കോഹ്‌ലിയുടെ മൃതദേഹം പിന്നീട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

മന്‍സൂറിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സംഭവം.