മോദി സ്തുതി; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും

Posted on: August 27, 2019 10:39 am | Last updated: August 27, 2019 at 12:46 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. തുടര്‍ന്ന് അദ്ദേഹത്തിന്റെ വിശദീകരണം സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

വിവാദമായിട്ടും പ്രസ്താവന തിരുത്താന്‍ തയ്യാറാകാത്ത തരൂരിന്റെ നടപടയില്‍ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പരസ്യമായി രംഗത്തുവന്നിരുന്നു.

മോദി സ്തുതി പാടുന്നവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരന്‍ തുറന്നടിച്ചിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.