അയ്യന്‍കാളിയെ ഓര്‍ക്കാന്‍ കാരണമുണ്ട്

അശാസ്ത്രീയമായ ഭൂപരിഷ്‌കരണവും കോളനിവത്കരണവും മഹാഭൂരിപക്ഷം വരുന്ന ദളിതരെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയുണ്ടായി. വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളമെന്ന് മേനി നടിക്കുമ്പോഴും ദളിതരില്‍ ഭൂരിപക്ഷത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ അപ്രാപ്യമായി. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തില്‍പരം ദളിതരില്‍ മൂന്നര ലക്ഷവും അധിവസിക്കുന്നത് കോളനികളിലാണ്. 62 വര്‍ഷങ്ങളായി കോളനി വികസനമെന്നത് പശ്ചാത്തല വികസനത്തില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. മാനത്ത് മഴ കാണുമ്പോള്‍ തന്നെ സ്ഥിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തേടിപ്പോകേണ്ട ഗതികേടിലാണ് കേരളത്തിലെ ദളിത് കോളനികളെന്നത് നമ്മുടെ വികസന മാതൃകയുടെ അകം പുറമാണ് കാണിക്കുന്നത്. സാമൂഹിക അസമത്വത്തിന്റെ ആകെ തുകയാണ് ഇന്ന് കേരളത്തിലെ കോളനിവാസവും ദളിതരുടെ ജീവിതവുമെന്നത് ഭരണകൂടം തിരിച്ചറിയണം. ദേശീയതലത്തില്‍ തന്നെ ദളിതരും മത ന്യൂനപക്ഷങ്ങളും സംഘ്പരിവാര്‍ സംഘടനകളുടെ അതിരൂക്ഷമായ കടന്നാക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ്. രണ്ട് ദളിത് പിഞ്ചുകുട്ടികളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊണ്ടാണ് എന്‍ ഡി എ ഭരണം ആരംഭിച്ചത് തന്നെ. എണ്ണിയാലൊടുങ്ങാത്ത വിധത്തില്‍ ദളിത് പീഡനങ്ങളും പശു സംരക്ഷകരെന്ന വ്യാജേന ദേശവ്യാപകമായി അക്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ദളിത് വിമോചനത്തിന് വീണ്ടുമൊരു അയ്യന്‍കാളി കടന്നുവരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Posted on: August 27, 2019 1:02 am | Last updated: August 27, 2019 at 1:02 am

കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ദോശ ചുട്ടെടുക്കുന്നത് പോലെ നിയമങ്ങള്‍ ഒന്നൊന്നായി പടച്ച് ജനാധിപത്യത്തിനും ഭരണഘടനക്കും വിരാമം കുറിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ ദേശീയ സാഹചര്യത്തിലാണ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനു വേണ്ടി പോരാടിയ അയ്യന്‍കാളിയുടെ 156ാമത് ജന്മദിനാഘോഷം കടന്നുവരുന്നത്.
സനാതന ധര്‍മത്തിന്റെ നീരാളിപ്പിടിത്തത്തില്‍ അകപ്പെട്ട് ജനിച്ച മണ്ണില്‍ മനുഷ്യനായി ജീവിക്കാന്‍ ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും അനുവദിക്കാതിരുന്ന കാലം. 1853ല്‍ തിരുവിതാംകൂറിലെ അടിമകള്‍ക്ക് മോചനവും 1859ല്‍ ചാന്നാര്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്ര്യവും നിയമം മൂലം ലഭ്യമായിരുന്നുവെങ്കിലും ഉള്‍ഗ്രാമങ്ങളിലെ ദളിതാവസ്ഥ വളരെ പരിതാപകരമായിരുന്നു. അയിത്തവും തീണ്ടലും തൊടീലുമൊക്കെ അനുഭവിച്ചിരുന്നവര്‍ തന്നെ അവ ഒരു അനുഷ്ഠാനം പോലെ പരസ്പരം ആചരിച്ചിരുന്നു. ജാതി ശൃംഗലയുടെ ഉപരിതലത്തിലുള്ള ബ്രാഹ്മണരില്‍ നിന്ന് ഒരു നിശ്ചിത അകലം നായന്‍മാരും നായന്‍മാരില്‍ നിന്ന് ഒരു നിശ്ചിത അകലം ഈഴവരും ഈഴവരില്‍ നിന്ന് ഒരു നിശ്ചിത അകലം പുലയരും പുലയരില്‍ നിന്ന് ഒരു നിശ്ചിത അകലം പറയരും പറയരില്‍ നിന്നൊരു നിശ്ചിത അകലം കുറവരും… അങ്ങനെ താഴ്ത്തപ്പെട്ടവര്‍ പരസ്പരം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പാലിച്ചിരുന്നുവെന്നത് അക്കാലത്തെ ഒരു വിരോധാഭാസമായിരുന്നു. ഇത്തരത്തിലുള്ള ഹീനമായ നടപടികള്‍ക്കെതിരെ അയ്യാ വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, കാവാലികുളം കണ്ണന്‍ കുമാരന്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍, കെ പി കറുപ്പന്‍, ആറാട്ടുപുഴ വേലായുധ പണിക്കര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തവര്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന്റെ സാമൂഹികമായ മുന്നേറ്റത്തിന് വഴിയൊരുക്കി.

ചരിത്രമറിയുന്നവര്‍ക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന് അയ്യന്‍കാളി നിരീക്ഷിച്ചിട്ടുണ്ട്. തത്ഫലമായി തന്റെ ജനതയെ സംഘബോധമുള്ളവരും വിജ്ഞാനികളുമാക്കി മാറ്റാന്‍ അദ്ദേഹം പരിശ്രമിച്ചു. 1907ല്‍ സാധുജന പരിപാലന സംഘമെന്ന ഒരു സംഘടനക്ക് രൂപം നല്‍കുകയും ആ സംഘടനയുടെ നേതൃത്വത്തില്‍ ദളിതര്‍ക്ക് ഏറ്റവും അനിവാര്യമായിരുന്ന സ്‌കൂള്‍ പ്രവേശനത്തിനായി പോരാട്ടം സംഘടിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിച്ചില്ലായെങ്കില്‍ കാണായ പാടങ്ങളിലെല്ലാം ഞങ്ങള്‍ മുട്ടിപ്പുല്ല് കിളിപ്പിക്കുമെന്ന പ്രഖ്യാപനം ആദ്യത്തെ സംഘടിത സമരത്തിന്റെ നാന്ദികുറിക്കലായിരുന്നു. ഒക്ടോബര്‍ വിപ്ലവത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള കാര്‍ഷിക സമരം നടക്കുന്നത്. സമകാലികമായി, കേരളീയര്‍ പ്രത്യേകിച്ച് ദളിതര്‍ പ്രളയത്തിന്റെ പിടിയിലാണ്. പ്രളയാനന്തര വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായ സ്ഥാനം ദളിത് വിഭാഗത്തിന് അനിവാര്യമാണ്. കാരണം അശാസ്ത്രീയമായ ഭൂപരിഷ്‌കരണവും കോളനിവത്കരണവും മഹാഭൂരിപക്ഷം വരുന്ന ദളിതരെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയുണ്ടായി. വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളമെന്ന് മേനി നടിക്കുമ്പോഴും ദളിതരില്‍ ഭൂരിപക്ഷത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ അപ്രാപ്യമാണ്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തില്‍പരം ദളിതരില്‍ മൂന്നര ലക്ഷവും അധിവസിക്കുന്നത് കോളനികളിലാണ്. 62 വര്‍ഷങ്ങളായി കോളനി വികസനമെന്നത് പശ്ചാത്തല വികസനത്തില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. മാനത്ത് മഴ കാണുമ്പോള്‍ തന്നെ സ്ഥിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തേടിപ്പോകേണ്ട ഗതികേടിലാണ് കേരളത്തിലെ ദളിത് കോളനികളെന്നത് നമ്മുടെ വികസന മാതൃകയുടെ അകം പുറമാണ് കാണിക്കുന്നത്. സാമൂഹിക അസമത്വത്തിന്റെ ആകെ തുകയാണ് ഇന്ന് കേരളത്തിലെ കോളനിവാസവും ദളിതരുടെ ജീവിതവുമെന്നത് ഭരണകൂടം തിരിച്ചറിയണം.
ദേശീയതലത്തില്‍ തന്നെ ദളിതരും മത ന്യൂനപക്ഷങ്ങളും സംഘ്പരിവാര്‍ സംഘടനകളുടെ അതിരൂക്ഷമായ കടന്നാക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ്. എന്‍ ഡി എ ഭരണം ആരംഭിച്ചത് തന്നെ രണ്ട് ദളിത് പിഞ്ചുകുട്ടികളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊണ്ടാണ്. എണ്ണിയാലൊടുങ്ങാത്ത വിധത്തില്‍ ദളിത് പീഡനങ്ങളും പശു സംരക്ഷകരെന്ന വ്യാജേന ദേശവ്യാപകമായി അക്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അക്രമങ്ങെള ഇല്ലായ്മ ചെയ്യേണ്ട ഭരണകൂടം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പുറത്തുവിടുന്നു. അതായത്, ഫാസിസം ഒരു വൈറസ് പോലെ കടന്നു വരികയാണ്. രവിദാസ് ക്ഷേത്രം തകര്‍ത്തെറിഞ്ഞതും അതിനെച്ചൊല്ലി ദേശവ്യാപകമായ സമരങ്ങള്‍ നടക്കുന്നതും നമ്മുടെ രാജ്യത്തിന്റെ പ്രയാണം എങ്ങോട്ടാണെന്ന് സൂചന നല്‍കുന്നു. ഭയപ്പെടുത്തി ഭരിക്കുക എന്ന ഫാസിസ്റ്റു തന്ത്രത്തെ തികഞ്ഞ ആശയ ദര്‍ശനങ്ങളുടെ നേതൃത്വത്തില്‍ വേണം നേരിടാന്‍. അംബേദ്കറിസ്റ്റ് ദര്‍ശനങ്ങളും അയ്യന്‍കാളിയുടെ സംഘടനാ പാടവവും അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയ ശക്തിക്ക് മാത്രമേ സംഘ്പരിവാര്‍ കടന്നാക്രമണങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ.

ദേശ വ്യാപകമായ ആക്രമണത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് കേരളത്തിലെ ദളിതരും നേരിടുന്നത്. കേരള ചരിത്രത്തിലാദ്യമായി ദുരഭിമാന കൊലവരെ നടക്കുന്ന ഒരു സാഹചര്യത്തിലേക്ക് കേരളീയ സമൂഹം മാനസികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നത് നവോത്ഥാന മേല്‍കോയ്മക്കേറ്റ തകര്‍ച്ചയെ അറിയിക്കുന്നു. ദളിത് പീഡനങ്ങള്‍ ദേശീയ ശരാശരിയിലേക്ക് എത്തിക്കാന്‍ കേരള പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണോയെന്ന് സംശയിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പോലീസ് സേനയുടെ ഭാഗത്തു നിന്ന് ദളിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്.

സംവരണം ഇല്ലായ്മ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ സംഘടനകളും അവരുടെ ആവനാഴിയിലെ എല്ലാത്തരം ആയുധങ്ങളും പുറത്തെടുത്ത് പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. വരേണ്യ രാഷ്ട്രീയ വക്താക്കള്‍ എന്ന നിലയില്‍ അവരില്‍ നിന്ന് അത്തരത്തിലുള്ള ഇടപെടലുകള്‍ ദളിതര്‍ പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ കേരളത്തിലാകട്ടെ ആയിരക്കണക്കിന് സംവരണ തസ്തികകള്‍ വര്‍ഷങ്ങളായി സംവരണ ക്വാട്ട നികത്താതെ നിയമനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഒരു പൊതു മേഖലാ സ്ഥാപനത്തിലെ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് മുതല്‍ പട്ടിക ജാതിക്കാരായതിന്റെ പേരില്‍ നിയമനം നടത്താന്‍ തയ്യാറാകുന്നില്ല. സ്വകാര്യ മേഖലയിലെ സംവരണമെന്ന കേരളത്തിലെ ദളിതരുടെ ചിരകാല സ്വപ്‌നത്തിന് ഒരിക്കല്‍ പോലും ചിറക് വിരിക്കാന്‍ കഴിയുകയില്ലായെന്നാണ് ബോധ്യമാകുന്നത്. സംവരണമെന്നത് വെറും തൊഴില്‍ സമ്പാദിക്കാനുള്ള മാര്‍ഗം മാത്രമല്ല, മറിച്ച് അധികാര പങ്കാളിത്വത്തിന്റെ കൂടി ചവിട്ടുപടിയാണെന്ന് സംവരണ വിരോധികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സംവരണ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചു കയറി സംവരണ വിഭാഗത്തിന്റെ അവകാശങ്ങളെ വിസ്മരിക്കുന്ന ആധുനിക ജനാധിപത്യ ക്രമത്തിലെ സംവരണ വിഭാഗ ജന പ്രതിനിധികളെ പോലെ വെറും പാര്‍ട്ടി റിമോര്‍ട്ട് അല്ലായിരുന്നു അയ്യന്‍കാളിയെന്ന് അക്കാലത്തെ പ്രജാസഭ രേഖകള്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. കേരളത്തില്‍ മധു എന്ന ആദിവാസിയെ തല്ലിക്കൊന്നപ്പോഴും എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ പി എസ് സിക്ക് പാടില്ലയെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചപ്പോഴും അയ്യന്‍കാളിയുടെ ജന്‍മദിനത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും പ്രാദേശിക സര്‍വീസ് ബേങ്കുകള്‍ക്കും അവധി നല്‍കാന്‍ മടിക്കുമ്പോഴും പ്രതികരിക്കാതെ കക്ഷി രാഷ്ട്രീയ ബാധയില്‍ കഴിയുന്ന ദളിത് ജനപ്രതിനിധികള്‍ക്ക് ഒരു അപവാദമാണ് അയ്യന്‍കാളിയുടെ പ്രജാസഭാ പ്രവര്‍ത്തനം. ദളിത് വിമോചനത്തിന് വീണ്ടുമൊരു അയ്യന്‍കാളി കടന്നുവരുമെന്ന് തന്നെയാണ് പ്രതീക്ഷ.

(ദളിത് ആക്ടിവിസ്റ്റ്, കവി)