ബഷീറിന്റെ മരണം: പോലീസന്റേത് ഗുരുതര വീഴ്ച- രാജാജി മാത്യൂ തോമസ്

Posted on: August 26, 2019 9:28 pm | Last updated: August 26, 2019 at 9:28 pm

അബുദാബി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയുമായ കെ എം ബഷീറിന്റെ മരണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി മുതിര്‍ന്ന സി പി ഐ നേതാവും പത്ര പ്രവര്‍ത്തകനുമായ രാജാജി മാത്യു തോമസ് വ്യക്തമാക്കി. ഇത്തരം സംഭവത്തില്‍ സംശയം തോന്നുന്നുവെങ്കില്‍ വാഹനമോടിച്ചവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെങ്കിട്ടരാമന്റെ കാര്യത്തില്‍ അതുണ്ടായില്ല. ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ട്.

കുറ്റകൃത്യത്തില്‍ പങ്കാളിയായ ശ്രീറാം വെങ്കിട്ടരാമനെ നിയമത്തിന്റെ മുമ്പില്‍ പഴുത് അടച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. അബൂദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ പിടിയില്‍ നിന്നും അച്ചടി മാധ്യമങ്ങളെ മോചിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലയില്‍ നിക്ഷേപം നടത്തി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലേക്ക് മാറ്റുന്നതിന് തയ്യാറാകണം. ദൗര്‍ഭാഗ്യ വശാല്‍ സര്‍ക്കാര്‍ ഇതുവരെയും അതിന് മുതിര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവ കലാ സാഹിതി പ്രസിഡന്റ് ശങ്കര്‍, കോഡിനേറ്റര്‍ റോയ് വര്‍ഗീസ്, കെ എസ് സി വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍, ബാബു വടകര പങ്കെടുത്തു.