International
മോദിയും ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും; കശ്മീരും ചര്‍ച്ചയായേക്കും

ബിയാരിറ്റ്‌സ്: ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞതിന് പിറകെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
കശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സണ്‍ മോദിയെ ഫോണില്‍ വിളിച്ച് കശ്മീര്‍ തര്‍ക്കം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തില്‍ കശ്മീര്‍ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.