National
രാജ്യത്തിന്റെ അഭിമാനം വാനോളം; ലോകം കീഴടക്കി പി വി സിന്ധു

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട് ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. ജാപ്പനീസ് താരം നൊസോമി ഒക്ഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-07, 21-07) തകര്‍ത്താണ് സിന്ധു ചരിത്രനേട്ടം കരസ്ഥമാക്കിയത്. ലോകബാഡ്മിന്റണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി ഇതോടെ സിന്ധുവിന് സ്വന്തമായി.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച സിന്ധുവിന് മുമ്പില്‍ ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലും ലോക നാലാം റാങ്കുകാരിയായ ജാപ്പനീസ് താരത്തിന് കഴിഞ്ഞില്ല. 38 മിനുട്ടിനുള്ളിലാണ് തന്നെക്കാള്‍ ഒരു റാങ്ക് മുന്നിലുള്ള ഒക്ഹാരയെ അഞ്ചാം സീഡായ സിന്ധു ചുരുട്ടിക്കെട്ടിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സിന്ധുവിന്റെ മിന്നല്‍ സ്മാഷുകള്‍ക്ക് മുമ്പില്‍ കളി മറന്ന അവസ്ഥയിലായിരുന്നു നൊസോമി ഒക്ഹാര. 2017ല്‍ തന്നെ ഫൈനലില്‍ മുട്ടുകുത്തിച്ച നൊസോമി ഒക്ഹാരയോടുള്ള ഒരു മധുര പ്രതികാരം കൂടിയായിരുന്നു സിന്ധുവിന് ഇന്നത്തെ മത്സരം. 2018ലും ഫൈനലുണ്ടായ തോല്‍വി മനസ്സിലുള്ള സിന്ധു ഇത്തവണ തുടക്കം മുതല്‍ ഗെയിം പ്ലാന്‍ കൃത്യതയോടെ നടപ്പാക്കുകയായിരുന്നു.
സിന്ധുവിന്റെ കരിയറിയിലെ അഞ്ചാം സ്വര്‍ണമാണ് ഇന്ന് കുറിച്ചത്. ലോക ചാമ്പ്യനായതില്‍ ഏറെ അഭിമാനമുണ്ടെന്നും വിജയം പിറന്നാല്‍ ആഘോഷിക്കുന്ന അമ്മക്ക് സമര്‍പ്പിക്കുന്നതായും സിന്ധു പ്രതികരിച്ചു.