ബംഗാളില്‍ ഇടതുമായി കൈക്കോര്‍ക്കാന്‍ സോണിയയുടെ പച്ചക്കൊടി

Posted on: August 24, 2019 9:29 pm | Last updated: August 25, 2019 at 10:57 am

ന്യൂഡല്‍ഹി: ബംഗാളില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കോണ്‍ഗ്രസും സി പി എമ്മും അതിജീവനത്തിനായി പരസ്പരം കൈക്കോര്‍ക്കാന്‍ സാധ്യത. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി അനുമതി നല്‍കി. ബംഗാള്‍ പി സി സി പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചും സോമന്‍ മിത്ര സോണിയയെ അറിയിച്ചു.

ഇടതുപക്ഷം തയ്യാറാവുകയാണെങ്കില്‍ അവരുമായി സഖ്യം രൂപവത്ക്കരിക്കണമെന്നാണ് സോണിയ നിര്‍ദേശം നല്‍കിയതെന്ന് സോമന്‍ മിത്ര പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വീതംവെപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പ് സഹകരണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് നേരത്തെ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി സി പി എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ചിരുന്നു. സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ സി പി എമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് മമത ബാനര്‍ജി പറഞ്ഞിരുന്നത്.

എന്നാല്‍ സോണിയക്ക് കോണ്‍ഗ്രസിനും ഇതില്‍ താത്പര്യമില്ലെന്നാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാറിനെതിരായാവും പോരാട്ടം എന്നതിനാലാണ് മമത ബാനര്‍ജിയുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സി പി എമ്മുമാണ് മത്സരിക്കുന്നത്. ഇത് കൂടുതല്‍ ശക്തമാക്കാനാണ് ഒരുങ്ങുന്നത്.