സംസ്ഥാനത്ത് 1038 വില്ലേജുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു

Posted on: August 24, 2019 8:40 pm | Last updated: August 25, 2019 at 11:31 am

തിരുവനന്തപുരം: പ്രളയം നാശംവിതച്ച 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങള്‍ തീരുമാനിച്ചത്. വയനാട്, മലപ്പുറം ജില്ലകളിലെ മുഴുവന്‍ വില്ലേജുകളും ദുരന്തബാധിത പട്ടികിയിലുണ്ട്. തിരുവനന്തപുരത്തെ ഒരു വില്ലേജും പട്ടികയിലുണ്ട്.
തൃശ്ശൂരില്‍ 215, പാലക്കാട് 124, കോഴിക്കോട് 115 വില്ലേജുകള്‍ പട്ടികയിലുണ്ട്.

പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രളയത്തില്‍ അകപ്പെട്ട കുടംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബേങ്കുകളുടെ വായപ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേശം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നു തവണയായാണ് കഴിഞ്ഞ വര്‍ഷം പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇാ വര്‍ഷം ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രളയജലം പ്രവേശിച്ച വീടുകളില്‍ കഴിഞ്ഞവര്‍ക്കും, പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരസഹായം കിട്ടും. മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അടിയന്തരസഹായത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.