Connect with us

Ongoing News

കൊല്‍ക്കത്തയില്‍ ചരിത്രമെഴുതി കേരളം; ഡ്യൂറന്റ്കപ്പ് ഗോകുലത്തിന് സ്വന്തം

Published

|

Last Updated

കൊല്‍ക്കത്ത:ഡ്യൂറന്റ് കപ്പില്‍ ചരിത്രമെഴുതി ഗോകുലം കേരള. ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജാക്കന്‍മാരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ (2-1ന്) മലര്‍ത്തിയിടിച്ചാണ് നവാഗതരമായ ഗോകുലം കപ്പില്‍ മുത്തമിട്ടത്. കളിയുടെ 45ാം മിനുട്ടിലു‌ം 51ാം മിനുട്ടിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളുകളാണ് കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചത്. 131 വര്‍ഷത്തെ ഡ്യുറന്റ് കപ്പ് ചരിത്രത്തില്‍ ചാമ്പ്യന്‍മാരാകുന്ന രണ്ടാമത്തെ കേരള ടീംമാവുകയാണ് ഗോഗുലം എഫ്‌സി. 1997ല്‍ എഫ്‌സി കൊച്ചിനാണ് ഇതിന് മുമ്പ് ഡ്യുറന്റ് കപ്പ് ഉയര്‍ത്തിയ ഏക കേരള ടീം. എഫ് സി കൊച്ചിന്‍ കിരീടം നേടുമ്പോഴും എതിരാളി ബഗാനായിരുന്നു എന്നത് യാദൃശ്ചികം.

ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് കേരള ടീം രാജകീയ കിരീടം ഉയര്‍ത്തിയിരിക്കുന്നത്. സെമിയില്‍ കൊല്‍ക്കത്തയിലെ തന്നെ മറ്റൊരു ചാമ്പ്യന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു കേരള ടീം ഫൈനിലേക്ക് യോഗ്യത നേടിയത്. കലാശപ്പോരിലും കേരളം വീറ് പുറത്തെടുത്തതോടെ കൊല്‍ക്കത്ത കണ്ണീരണിയുകയായിരുന്നു.

45- മിനുട്ടിലും 51-ാം മിനുട്ടിലുമാണ് കേരള ക്യാപ്റ്റന്‍ എതിരാളികളുടെ ഹൃദയം തകര്‍ത്ത ഗോളുകള്‍ നേടിയത്. 64-ാം മിനുട്ടില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ആശ്വാസ ഗോള്‍. ബഗാന്‍ ഗോളി ദേബ്ജിത്ത് മജുംദാര്‍ ഹെന്റി കിസിക്കെയെ ഫൗള്‍ ചെയ്തതാണ് ആദ്യ ഗോളിന് വഴിയൊരുക്കിയ പെനാല്‍റ്റിയിലേക്ക് നയിച്ചത്. 44ാം മിനുട്ടില്‍ മാര്‍ക്കസിന്റെ ത്രൂപാസ് എതിര്‍ ഗോള്‍മുഖത്തേക്ക് അടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫൗള്‍. 51ാം മിനുട്ടിൽ ഒറ്റക്ക് പാഞ്ഞെത്തി മാർക്കസ് രണ്ടാം ഗോളും നേടി.

കളിയുടെ അവസാനം ഗോള്‍ മടക്കാന്‍ ബഗാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്നത്തെ രണ്ട് ഗോളുകളോടെ ടൂര്‍ണമെന്റില്‍ മൊത്തം 11 ഗോളുകളാണ് കേരള ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് സ്‌കോര്‍ ചെയ്തത്.
 

Latest