രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു; വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

Posted on: August 24, 2019 4:30 pm | Last updated: August 24, 2019 at 7:09 pm

ശ്രീനഗര്‍: കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് ഇവരെ മടക്കി അയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധിയും ഗുലാംനബി ആസാദ്,സി.പി.ഐ. നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരും ഉള്‍പ്പെട്ട സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഇവരെ വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ തന്നെ അനുവദിച്ചില്ല.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. അതേസമയം, രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേക്ക് വരരുതെന്ന് പോലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷസംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.