കെഎം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന് പിന്നില്‍ വലിയ ശക്തിയുണ്ട്; ആരെന്നത്‌ മന്ത്രിയെന്ന നിലയില്‍ പറയാനാകില്ല: മന്ത്രി എംഎം മണി

Posted on: August 24, 2019 11:17 am | Last updated: August 24, 2019 at 6:25 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീറിനെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന് മന്ത്രി എംഎം മണി. കേസില്‍നിന്നും ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആ ശക്തിയാരെന്ന് ഒരു മന്ത്രിയെന്ന നിലയില്‍ താന്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ ഗൗരവതരമായ കുറ്റമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്തിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനായി വളരെ വൃത്തികെട്ട നിലപാടാണ് ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ചത്. കേസില്‍നിന്നും രക്ഷപ്പെടാനായാണ് ചികിത്സയുടെ പേരും പറഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയത്. ഇവിടെനിന്നും തനിക്ക് രക്ഷപ്പെടാനുള്ള എല്ലാ കാര്യങ്ങളും ശ്രീറാം ചെയ്തു.എന്നിട്ടാണ് താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നത്. ഇതിന് പിന്നില്‍ ഇടപെടല്‍ നടന്നിട്ടുണ്ട്. കേസ് അട്ടിമറിക്കാനാണ് ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് കോടതിക്ക് നിഗമനത്തിലെത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വലിയ ഇടപെടലുണ്ടായെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നതാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകള്‍.