Editorial
ജാതിവിേവചനം അതിരൂക്ഷം

നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അയിത്തവും ജാതീയ ചിന്തയും ഇപ്പോഴും രാജ്യത്തെ സവര്‍ണ മനസ്സുകളില്‍ രൂഢമൂലമാണെന്ന് വ്യക്തമാക്കുന്നതാണ് വെല്ലൂര്‍ ജില്ലയിലെ തിരുപട്ടൂരത്ത് ദളിതനായ കുപ്പന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി സംസ്‌കരിക്കേണ്ടി വന്ന സംഭവം. പുഴക്കരയിലെ പൊതു ശ്മശാനത്തിലാണ് ദളിതരുടെ മൃതദേഹം സംസ്‌കരിക്കാറുള്ളത്. ഒരു പാലം കടന്നു വേണം ശ്മശാനത്തിലെത്താന്‍. കുപ്പന്റെ മൃതദേഹവുമായി പാലം കടന്നു വരുന്നവരെ പുഴക്ക് അക്കരെ സവര്‍ണ ജാതിക്കാരായ ഗൗണ്ടര്‍ വാണിയാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ തടഞ്ഞു. താഴ്ന്ന ജാതിക്കാരുടെ മൃതദേഹം തങ്ങളുടെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നവര്‍ ശഠിച്ചു. ഇതേ തുടര്‍ന്നാണ് ദളിതര്‍ക്ക് മൃതദേഹം പാലത്തില്‍ കയര്‍ കെട്ടി താഴെയിറക്കേണ്ടി വന്നത്.
കാലങ്ങളായി ദളിതര്‍ ഉപയോഗിക്കുന്നതാണ് ഈ ശ്മശാനം. പത്ത് വര്‍ഷം മുമ്പ് പുഴക്കക്കരെയുള്ള സ്ഥലം ഉന്നത ജാതിക്കാര്‍ കൈയേറി സ്വന്തമാക്കുകയും വേലികെട്ടി തിരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് നദിക്കരയിലേക്കുള്ള വഴിയില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അവര്‍ വിലക്കേര്‍പ്പെടുത്തി. അമ്പതോളം ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന വാണിയമ്പാടി പ്രദേശത്ത് മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാന്‍ പാലത്തില്‍ നിന്ന് കയറില്‍ കെട്ടിയിറക്കേണ്ടി വന്നത് ആദ്യത്തെ സംഭവമല്ല. മുമ്പും ഇതായിരുന്നു അവസ്ഥ. ഈ ദുരിതം പക്ഷേ പുറംലോകം അറിഞ്ഞിരുന്നില്ല. ഇത്തവണ മൃതദേഹം കയര്‍ കെട്ടിയിറക്കുന്നതിന്റെ വീഡിയോ ഒരു ദളിത് യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞതും അധികൃതരുടെ ശ്രദ്ധയില്‍ വന്നതും. ഇ വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ സവര്‍ണാധിപത്യത്തിനെതിരെ കടുത്ത പോരാട്ടം നടത്തി ദ്രാവിഡന്റെ ആത്മാഭിമാനം വീണ്ടെടുത്തെന്നഭിമാനം കൊള്ളുന്ന തമിഴ്‌നാട്ടിലാണ് ഈ സംഭവം.
രാജ്യത്തുടനീളം നടക്കുന്ന തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഉത്തരേന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ ആരാധന നടത്താനെത്തിയെന്ന കാരണത്താല്‍ ദളിത് യുവാവിനെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത് സമീപ കാലത്താണ്. ചത്ത പശുവിന്റെ തോലുരിച്ചതിനാണ് യു പിയില്‍ മൂന്ന് ദളിത് യുവാക്കളെ പൂര്‍ണ നഗ്‌നരാക്കി കൈകാലുകള്‍ കെട്ടി നിഷ്ഠൂരമായി മര്‍ദിച്ചത്. ദളിതര്‍ നന്നായി പഠിച്ചുയരുന്നതും കലാലയങ്ങളില്‍ മികവ് കാണിക്കുന്നതും സഹിക്കാനുള്ള മനസ്സ് പോലും സവര്‍ണ വിഭാഗത്തിനില്ല. പഠനത്തില്‍ മികവ് കാണിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയായ ഒരു വിദ്യാര്‍ഥിനിക്ക് മേല്‍ജാതിക്കാരായ സഹപാഠികളില്‍ നിന്ന് നിരന്തരം ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത് ബീഹാര്‍ മുസാഫര്‍പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. പിന്നാക്കക്കാരന്‍ പുതിയ കാര്‍ വാങ്ങിയതിന്റെ പേരില്‍ മുന്നാക്ക ജാതിക്കാര്‍ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു അടുത്ത കാലത്ത്. ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും ഭീകരവിരുദ്ധ സേനയുടെ ഡയറക്ടര്‍ ജനറലുമായിരുന്നിട്ടും രാജന്‍ പ്രിയദര്‍ശിക്ക് കീഴ്ജാതിക്കാരനായതിന്റെ പേരില്‍ സ്വന്തം നാട്ടിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കൊടുക്കാനും ക്ഷൗരം ചെയ്യാനും ബാര്‍ബര്‍മാര്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തില്‍ കീഴ്ജാതിക്കാര്‍ വളര്‍ത്തുന്ന നായ്ക്കള്‍ മേല്‍ജാതി തെരുവിലെ പെണ്‍ പട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കാനായി കീഴ്ജാതിക്കാരുടെ നായ്ക്കള്‍ക്ക് മേല്‍ജാതിക്കാരുടെ തെരുവില്‍ പ്രവേശനം നിരോധിച്ച വാര്‍ത്ത കേള്‍ക്കാനുള്ള ദുര്യോഗവും നമുക്കുണ്ടായി.
ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ രാജ്യം അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചു. ശാക്തിക രാഷ്ട്രങ്ങളുടെ സഹായമില്ലാതെ സ്വയം വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകം ചന്ദ്രനിലെത്തിച്ചു. താമസിയാതെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള തിരക്കിട്ട പ്രയത്‌നത്തിലാണ് സര്‍ക്കാറും ശാസ്ത്ര ലോകവും. ഈ മുേന്നറ്റത്തിനിടയില്‍ പക്ഷേ, കറപിടിച്ച് ഇരുള്‍ മൂടിയ സവര്‍ണ മനസ്സുകളെ സംസ്‌കരിക്കാനും കീഴ്ജാതിക്കാരെ തങ്ങളെ പോലെ മനുഷ്യരായി കാണാനുമുള്ള വിശാല മനസ്‌കത വളര്‍ത്തിയെടുക്കാനും രാജ്യത്തെ നയിക്കുന്നവര്‍ക്കായില്ല. നമ്മുടെ വിദ്യാഭ്യാസപരമായ ഉന്നതി ജാതീയ വിവേചനം അവസാനിപ്പിക്കാന്‍ പര്യാപ്തമായില്ല. രാജ്യത്ത് ജാതീയ ഉച്ചനീചത്വങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടോളമായെങ്കിലും ഇന്നും അയിത്തം, തീണ്ടല്‍ തുടങ്ങിയ ആചാരങ്ങള്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. തീവ്രമായ ജാതി വിവേചനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും നിയമനിര്‍മാണ സഭകളില്‍ അതെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ല. ദളിതരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുകയും തുകകള്‍ വകയിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യം കാണുന്നുമില്ല. രാജ്യത്തെ 30 കോടി ദളിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ വര്‍ഷം കത്തയച്ചത് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി ജെ പി. എം പി യശ്വന്ത് സിംഗായിരുന്നു. ദളിത് പക്ഷത്തു നിന്നുള്ള എം പിയാണെങ്കിലും ജാതീയ വിവേചനം മൂലം തന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല. ജാതിസംവരണം ഉണ്ടായതു കൊണ്ട് മാത്രമാണ് എം പിയാകാന്‍ കഴിഞ്ഞതെന്നും യശ്വന്ത് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഭരണതലങ്ങളിലുള്ളവരുടെ അവസ്ഥ തന്നെ ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തുപറയാന്‍? തൊട്ടുകൂടായ്മ ദൈവത്തോടും മനുഷ്യരോടുമുള്ള കുറ്റമാണ് എന്നാണ് ഗാന്ധിയന്‍ നിലപാട്. ഗാന്ധിയെ ചരിത്രത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ ഒരുമ്പെടുന്ന ഭരണ നേതൃത്വത്തോട് ഗാന്ധിയന്‍ തത്വങ്ങള്‍ ഓതിയിട്ടെന്ത് ഫലം.?