Connect with us

National

പി ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്യുന്നു; ഉച്ചക്ക്‌ കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ സി ബി ഐ അറസ്റ്റു ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ചിദംബരത്തെ സി ബി ഐ ആസ്ഥാനത്തെത്തിച്ച് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടു ചോദ്യം ചെയ്യലിനു വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് ചിദംബരത്തെ ഹാജരാക്കുക.

കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സി ബി ഐ കോടതിയില്‍ ആവശ്യപ്പെടും.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് നാടകീയമായാണ് ചിദംബരത്തെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തത്. ദക്ഷിണ ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയുടെ മതില്‍ ചാടിക്കടന്നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി ബി ഐയുടെ നടപടി.

ഐ എന്‍ എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 305 കോടി രൂപയാണ് വിദേശ നിക്ഷേപം ലഭിച്ചത്. നിയമ പ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാനാകൂ. കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തിന്റെ താത്പര്യ പ്രകാരമാണ് ചിദംബരം ഇടപെട്ടതെന്നാണ് സി ബി ഐ പറയുന്നത്.