മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ പോക്‌സോ കേസ്

Posted on: August 21, 2019 5:39 pm | Last updated: August 22, 2019 at 9:55 am

ചെന്നൈ: ഭര്‍ത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിയാണ് തന്റെ രണ്ട് മക്കളെ വിട്ടുകിട്ടാന്‍ 11 വയസ്സുള്ള മകളെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു. മുന്‍കൂര്‍ ജാമ്യം നേടിയ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ച് ഇത് കള്ളപ്പരാതിയാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.
2003ല്‍ ആണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഇവര്‍ക്ക് 11ഉം ഒന്നരയും വയസുള്ള പെണ്‍മക്കളുണ്ട്. 2018ല്‍ ആണ് യുവതി ഭര്‍ത്താവിനെതിരെ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. 11 വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാട്ടുമരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നുമായിരുന്നു പരാതി.

എന്നാല്‍ പിതാവ് തന്നെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി മകള്‍ തള്ളിക്കളഞ്ഞു. തന്നെ പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നും ഗര്‍ഭം ധരിച്ചിട്ടില്ലെന്നും യാതൊരു വിധ മരുന്നും കഴിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഒന്നരവയസുകാരിയായ മകളും പിതാവിനൊപ്പം പോയാല്‍ മതിയെന്ന് കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന്, അന്വേഷണത്തില്‍ ഭര്‍ത്താവുമായി അകല്‍ച്ചയിലുള്ള യുവതി മക്കളെ വിട്ടുകിട്ടാനായി കള്ളപരാതി നല്‍കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗിക പീഡനം നടന്നെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കോടതി വിധിച്ചത്.