Connect with us

Kerala

നിയമന ചടങ്ങളില്‍ ഭേദഗതി വരുത്തും; സര്‍ക്കാര്‍ സര്‍വീസില്‍ ഇനി വനിതാ ഡ്രൈവര്‍മാരും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളേയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരമാണിത്. വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി ചേലോട് എസ്‌റ്റേറ്റിലെ അമ്പത് ഏക്കര്‍ ഭൂമി വ്യവസ്ഥകളോടെ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 35മത് ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനായി മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം നല്‍കും.

സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായിട്ടുണ്ട്. ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കും. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പളകമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കും. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971ലെ കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പെയ്‌മെന്റ് ഓഫ് ഫെയര്‍ വേജസ് ആക്ട് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

---- facebook comment plugin here -----

Latest