National
സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി; ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. അറസ്റ്റ് തടഞ്ഞ് ഉത്തരവിടണമെന്ന ഹരജിയിലെ ആവശ്യം നിരാകരിച്ച ജസ്റ്റിസ് എന്‍ വി രമണ ഹരജി ലിസ്റ്റ് ചെയ്യുന്നത് വരെ ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിനുള്ള സാധ്യത കൂടിയിരിക്കുകയാണ്.
കേസില്‍ അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹരജി രാവിലെ പരിഗണനക്കെടുത്തിരുന്നില്ല. ഹരജിയില്‍ പിഴവുകളുണ്ടെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ സമീപിച്ചതിനെത്തുടര്‍ന്നാണ് ഹരജിയിലെ ആവശ്യം കോടതി വീണ്ടും നിരാകരിച്ചത്.
ഹരജിയില്‍ ഉടന്‍
ഉത്തരവിറക്കാനാകില്ലെന്ന് രാവിലെ വ്യക്തമാക്കിയ ജസ്റ്റിസ് എന്‍ വി രമണ ഹരജി ചീഫ് ജസ്റ്റിസന്റെ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു. അതേ സമയം ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിദംബരം ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ സൂചനയില്ല. സുപ്രീം കോടതി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ചിദംബരം ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇന്നലെയും ഇന്നുമായി മൂന്ന് തവണ ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. ഇന്ന് രാവിലെ എത്തിയ സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും സംഘം ചിദംബരത്തിന്റെ വസതിക്ക് മുന്നില്‍ തങ്ങുകയാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കും രാത്രി 12നും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നു.