Connect with us

Articles

ഈ നുണകള്‍ മനുഷ്യത്വവിരുദ്ധമാണ്‌

Published

|

Last Updated

എക്കാലത്തും വ്യത്യസ്തമായ അഭിപ്രായങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് മനുഷ്യ സമൂഹം വികസിച്ചിട്ടുള്ളത്. ഒരാളിലെ ചിന്തകള്‍ മറ്റൊരാളിലേക്ക് വ്യാപനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളെ, അവ അനുകൂലമായാലും പ്രതികൂലമായാലും സഹിഷ്ണുതയോടെ കാണുന്നതാണ് മാനുഷികത. അത്തരം ചിന്തകളെ കേന്ദ്രീകരിച്ച് പിന്നീടുണ്ടാകുന്ന വ്യത്യസ്ത രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് സമൂഹത്തില്‍ യുക്തിപരമായ തീരുമാനങ്ങളായി മാറുന്നത്. ഒരു നാട് ദുരന്ത മുഖത്ത് വിറച്ച് നില്‍ക്കുമ്പോള്‍ വ്യക്തിയില്‍ നിന്നോ സംഘത്തില്‍ നിന്നോ ആള്‍ക്കൂട്ടത്തില്‍ നിന്നോ ഉണ്ടാകുന്ന നുണപ്രചാരണങ്ങള്‍ അങ്ങനെയല്ല. അത് സമൂഹത്തില്‍ പ്രചരിക്കുമ്പോള്‍ അതിലെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും അപ്രസക്തമായി മാറുന്നു. ആ തരത്തിലാണ് നുണകളുടെ നിര്‍മിതിയും പ്രചാരണവും. ഏത് വിഷയവുമായി ബന്ധപ്പെട്ടാണോ നുണപ്രചാരണങ്ങള്‍ ഉണ്ടാകുന്നത്, അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഓരോ നുണപ്രചാരണങ്ങളും അതിവേഗത്തില്‍ സമൂഹത്തില്‍ വ്യാപിക്കുന്നത്. അതിന് സ്ഥലകാല ബോധമില്ല. നുണക്ക് ആധാരമായ വിഷയങ്ങള്‍ ഏത് രീതിയിലാണ് ഇരകളെ ബാധിക്കുന്നത് എന്ന ചിന്തയില്ല. ഇതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ പ്രളയകാലത്ത് മുളപ്പിച്ച് വിതരണം ചെയ്ത മനുഷ്യത്വ വിരുദ്ധമായ നുണകള്‍.
കേരളത്തില്‍ സംഭവിച്ച രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നുണപ്രചാരണങ്ങളേക്കാള്‍ നൂറ് ഇരട്ടി ശക്തിയാണ് ഈ പ്രളയകാലത്തെ നുണപ്രചാരണങ്ങള്‍ക്ക്. ഇതിന്റെ ഉറവിട കേന്ദ്രങ്ങള്‍ക്ക് ഇത്തരം നുണപ്രചാരണങ്ങള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് നല്ല ബോധ്യമില്ല എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണയാണ്. കാരണം, ഇത്തരം നുണപ്രചാരണങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതാകട്ടെ കേരളീയ മാനവികതാ ബോധത്തിന് വിരുദ്ധവുമാണ്.

2018ലെ പ്രളയം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നിട്ടും അതിനെ അതിജീവിച്ചതിന്റെ രീതികള്‍ ലോക സമൂഹത്തിന് തന്നെ മാതൃകയായി മാറി. കേരളത്തിലെ ബഹുസ്വരതയില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഗുണദോഷങ്ങള്‍ പല രീതിയിലും ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണാം. ജാതി ജീവിതത്തിന്റെയും കോളനി ജീവിതത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും അടയാളങ്ങള്‍ കാണാം. എന്നിട്ടും പ്രളയകാലത്ത് അതൊക്കെ മറന്ന് കൊണ്ട് ദുരന്ത മുഖത്ത് മനുഷ്യത്വം എന്ന ഉദാത്തമായ ബോധ്യത്തിലെത്താന്‍ അകം കേരളത്തിനും പുറം കേരളത്തിനും കഴിഞ്ഞു. കേരളത്തിന് പുറത്ത് നിന്നും രാജ്യത്തിന് പുറത്ത് നിന്നും ഉണ്ടായിട്ടുള്ള സഹകരണങ്ങള്‍ ഇതിന്റെ എക്കാലത്തെയും തെളിവാണ്. പ്രളയം ഒഴുക്കിക്കളഞ്ഞവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ലോകത്തിലെ മലയാളികളുടെ ഇടപെടല്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം എന്നതിലുപരി പരസ്പരമുള്ള തിരിച്ചറിവിന്റെയും കാരുണ്യത്തിന്റെയും ഫലമായുണ്ടായതാണ് അത്. അവിടെ മതമോ ജാതിയോ രാഷ്ട്രീയമോ സമ്പത്തോ ഒന്നിനും ഒരു തടസ്സമായിരുന്നില്ല. എന്ന് മാത്രമല്ല, മനുഷ്യര്‍ എന്ന ഏക വിചാരത്തില്‍ എങ്ങനെ ഇക്കാലത്ത് എല്ലാ വ്യതിരിക്തതകളെയും മറന്നു സഹവാസം സാധ്യമാക്കാം എന്നൊരു പാഠം കൂടി കാണിച്ചു തന്നു.

മനുഷ്യ ജീവിതത്തില്‍ എപ്പോഴും ഒരാള്‍ക്ക് മറ്റൊരാളുടെ സഹകരണവും സ്‌നേഹവും അനിവാര്യമാണ്. എന്നും ഒരാള്‍ക്കും അയാളുടെ സമ്പത്തോ, പദവിയോ കൊണ്ട് മാത്രം ഒറ്റക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് പ്രളയകാല അനുഭവങ്ങള്‍ തെളിയിച്ചു. പരസ്പര ആശ്രിതത്വമാണ് മനുഷ്യരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന വസ്തുതയെ യുക്തിപൂര്‍വം കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞ പ്രളയത്തില്‍ സാധിച്ചു. എന്നാല്‍ അതിനു ശേഷമുണ്ടായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാളികള്‍ പ്രളയ
അനുഭവത്തില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു വന്നു. അതിന് പ്രധാന കാരണമായി തീര്‍ന്നത് ശബരിമല വിഷയത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ സ്വീകരിച്ച നിലപാട് രീതികളായിരുന്നു. അതിന് വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യവും ലക്ഷ്യവുമുണ്ടായിരുന്നു. അവ നടപ്പാക്കാന്‍ നിലവിലെ കേരളീയ സാമൂഹികാവസ്ഥയെ മതാടിസ്ഥാനത്തിലും മറ്റ് രീതിയിലുള്ള വിഭാഗീയതയിലും വിഘടിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. ആ തരത്തിലുള്ള വിഭാഗീയത ആദ്യം രൂപപ്പെടേണ്ടത് മനുഷ്യ മനസ്സിലാണ് എന്ന് ഇത്തരം കുബുദ്ധികള്‍ക്ക് അറിയാം. അത് എവിടെ, എപ്പോള്‍, എങ്ങനെ പ്രയോഗിക്കണം എന്നും അവര്‍ക്കറിയാം. ആ പാഠശാലയില്‍ പഠിച്ചതും അനുയായികള്‍ക്ക് പഠിപ്പിച്ചതുമാണ് ഈ പ്രളയകാലത്ത് കേരളീയ മനസ്സില്‍ അവര്‍ നിക്ഷേപിച്ച നുണപ്രചാരണങ്ങള്‍.

ഇതില്‍ പ്രധാനപ്പെട്ട ചില നുണകള്‍ തന്ത്രപരമായി രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപപ്പെടുത്തിയതാണ്. ഒന്നാമതായി കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണം വഴിമാറി ചെലവഴിച്ചു എന്നതാണ്. രണ്ടാമതായി കഴിഞ്ഞ പ്രാവശ്യത്തെ പ്രളയത്തില്‍ വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക് സഹായമെത്തിയിരുന്നു. എന്നാല്‍ ഈ പ്രളയത്തില്‍ തെക്കന്‍ കേരളം ബോധപൂര്‍വം വടക്കന്‍ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതില്‍ വിമുഖത കാണിച്ചു എന്നുള്ളതാണ്. മറ്റൊന്ന് കഴിഞ്ഞ പ്രളയ കാലത്ത് ഉണ്ടായതു പോലെയുള്ള പരസ്പരം മനസ്സറിഞ്ഞുള്ള സഹകരണങ്ങള്‍ ഇപ്പോഴില്ല. ഇതിനെല്ലാം പുറത്ത് ജനത്തെ നേരിട്ട് ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചു. അവയില്‍ ചിലത്; ഡാം തുറക്കും, ദിവസങ്ങളോളം വൈദ്യുതി മുടങ്ങും, ഇല്ലാത്ത ഗതാഗത തടസ്സങ്ങള്‍, സഹായങ്ങള്‍ കിട്ടാതെ ജനങ്ങള്‍ ക്യാമ്പില്‍ പ്രയാസപ്പെടുന്നു തുടങ്ങിയവയാണ്. ഇതില്‍ ചിലത് സ്വാഭാവികമായിരിക്കാം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ പ്രത്യേക ലക്ഷ്യത്തോടെ ഉത്പാദിപ്പിക്കപ്പെടുകയായിരുന്നു എന്ന് വൈകാതെ തെളിയിക്കപ്പെട്ടു. ഇങ്ങനെ ദുരന്തകാലത്തെ പ്രയാസങ്ങളെ ദേശവിരുദ്ധ, ജനാധിപത്യ വിരുദ്ധമാക്കി മാറ്റി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിന്റെ പിന്നിലെ ലക്ഷ്യമെന്താണ് എന്ന് ദുരന്തമുഖത്ത് നില്‍ക്കുന്ന വലിയ ശതമാനം ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ഭയപ്പാടുകളാണ് ഉണ്ടാക്കുക എന്ന തിരിച്ചറിവ് പോലും നുണപ്രചാരകര്‍ക്ക് ഇല്ലാതെ പോയി.
റീ ബില്‍ഡിംഗ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, 2018ലെ പ്രളയത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 37,000 കോടി രൂപ ആവശ്യമാണ് എന്നാണ്. ഇത്ര വലിയ തുക കണ്ടെത്തേണ്ട മാര്‍ഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് വസ്തുതാ വിരുദ്ധമായ നുണകള്‍ പ്രചരിപ്പിക്കുന്നത്. (ഫണ്ടിന്റെ വിനിയോഗത്തെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. അത് പ്രകടിപ്പിക്കാനുള്ള വഴികളുമുണ്ട്). ഒപ്പം കഴിഞ്ഞ പ്രളയത്തിന് കേന്ദ്രം നല്‍കിയ പണം ഇപ്പോഴും ബാക്കി നില്‍ക്കുകയാണെന്നും കേരളത്തിന് സാമ്പത്തിക പ്രയാസം ഇല്ലെന്നും കേരളീയനായ ഒരു കേന്ദ്രമന്ത്രി തന്നെ ലോകത്തോട് വിളിച്ചു പറയുകയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കേന്ദ്രത്തിലെ സര്‍ക്കാര്‍ കഴിഞ്ഞ പ്രളയത്തില്‍ കേരളത്തോട് കാണിച്ചത് എന്തൊക്കെയായിരുന്നുവെന്ന് ഓരോ കേരളീയനും അറിയാം.

കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ അനുവദിച്ചത് കേവലം 2,000 കോടി മാത്രം. പ്രളയകാലത്ത് കേരളത്തിന് വിദേശ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തപ്പോള്‍ അതെല്ലാം നിരോധിച്ചു. നേവിയുടെ സഹായങ്ങള്‍ക്ക് കണക്കുപറഞ്ഞ് പണം തിരികെ ചോദിച്ചു. ജിഹാദികളുടെയും രാജ്യദ്രോഹികളുടെയും നാടാണ് കേരളമെന്ന് ആവര്‍ത്തിച്ച് നുണപറഞ്ഞ് കേരളത്തെ ഒറ്റപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇതൊന്നും വേണ്ട രീതിയില്‍ മലയാളികള്‍ക്കിടയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ല എന്നത് നുണ ജീവികളെ അരിശം കൊള്ളിച്ചു. അത്തരമൊരവസ്ഥയിലാണ് വീണ്ടും പ്രളയം വന്നത്. പിന്നെ ഒട്ടും വൈകിയില്ല നുണകളെ പ്രളയ ജലത്തിലേക്ക് ഒഴുക്കാന്‍.
ചിലയിടത്ത് പ്രാദേശിക വാദം ഉയര്‍ത്തി, ചിലയിടത്ത് ഒളിഞ്ഞിരുന്ന് മതത്തെ ഉപയോഗിച്ചു. അപ്പോഴും അമിത ദേശഭക്തിയില്‍ പുളഞ്ഞ് നടന്നവരെയൊന്നും മഴയത്ത് കണ്ടില്ല. ഈ സംഭവമൊക്കെ ഏതോ ആഫ്രിക്കന്‍ രാജ്യത്ത് നടന്നതു പോലെ നോക്കി നില്‍ക്കുകയായിരുന്നു പല “രാജ്യസ്‌നേഹി”കളും. അവരുടെ കണ്‍മുമ്പിലൂടെ കേരളം അതിജീവനത്തിന്റെ വഴികള്‍ കാണിച്ചു കൊടുത്തു.
പ്രളയ കാലത്ത് ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചത് ഏതെങ്കിലും വിശ്വാസത്തെയോ രാഷ്ട്രീയത്തെയോ മുന്‍ നിര്‍ത്തിയല്ല. മറിച്ച് പൂര്‍ണമായും സാമൂഹിക ഇടപെടല്‍ എന്ന രീതിയിലാണ്. അവര്‍ക്ക് വിശ്വാസവും രാഷ്ട്രീയവും ഉണ്ട്, അത് സത്യമാണ്. എന്നാല്‍ സ്വതസിദ്ധമായ എല്ലാ വിരുദ്ധ അഭിപ്രായങ്ങളും ചിന്താധാരകളും ഒരു പ്രതിസന്ധി ഘട്ടത്തില്‍ വ്യക്തികളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തു. അയല്‍ക്കാരന്‍ അന്യജാതിക്കാരനോ അന്യമതസ്ഥനോ എതിര്‍ രാഷ്ട്രീയക്കാരനോ എന്ന ചിന്ത പോലും ഉണ്ടായില്ല. വ്യക്തിക്ക് എങ്ങനെ സമൂഹത്തിന്റെ ഭാഗമായി മാറാമെന്ന് ദുരന്തമുഖത്ത് എത്തിപ്പെട്ട ഓരോ മനുഷ്യര്‍ക്കും സ്വയം ബോധ്യപ്പെട്ടു. ഇത് വൈകാതെ സമൂഹത്തിനും ബോധ്യപ്പെട്ടു. കേരളത്തിലെ ഉയര്‍ന്ന മാനവികതാ ബോധം ചിലരുടെ വിദ്വേഷ രാഷ്ട്രീയ താത്പര്യത്തിന് എതിരാണ്. അതുകൊണ്ട് അതിനെ തകര്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊരു രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയം നൂറ് ശതമാനം മനുഷ്യത്വ വിരുദ്ധവുമാണ്.

പ്രളയ മുഖത്ത് മഴ നനഞ്ഞ് മനുഷ്യരായി ജീവിക്കുമ്പോള്‍ കേരളം ലോകത്തിന് കാണിച്ചു കൊടുത്തത് അതാണ്. അതിജീവനത്തിന്റെ വഴികള്‍ ഉണ്ടായത് അങ്ങനെയാണ്. ആശയപരമായ ഭിന്നതകള്‍, വിശ്വാസപരമായ വ്യത്യാസങ്ങള്‍ നാടിന്റെ പൊതുബോധത്തെ സ്വാധീനിക്കാനോ നിര്‍ണയിക്കാനോ പാടില്ല എന്ന സന്ദേശം കേരളം കാണിച്ചു കൊടുത്തു. മതത്തെ കൊണ്ട് വിഭാഗീയതയുടെ വിത്ത് മുളപ്പിച്ച് നട്ടുവളര്‍ത്തുന്നവര്‍ക്ക് ഇത് നല്‍കുന്ന സന്ദേശം ചെറുതല്ല. തെക്കന്‍ വടക്കനെ കൈയൊഴിഞ്ഞു, കഴിഞ്ഞ പ്രളയകാലത്ത് നമുക്ക് അവര്‍ (വടക്കന്‍) തന്നത് തിരികെ വലിച്ചെറിഞ്ഞു കൊടുക്കണം എന്നു പറഞ്ഞ ഏതോ ഒരു നികൃഷ്ട കുലസ്ത്രീയുടെ കണ്‍മുമ്പിലൂടെ തെക്ക് നിന്ന് സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ ലോറികള്‍ വടക്കോട്ടേക്ക് ഒഴുകി. ഇതാണ് അതിജീവനത്തിന്റെ വഴികള്‍. അതില്‍ ചിലത് എടുത്ത് പറയുക തന്നെ വേണം.
സഹജീവി സ്‌നേഹം, അപരന്റെ വേദന സ്വന്തം വേദനയായി കാണുക എന്നിവയുടെ അളവ് കോല്‍ സമ്പത്തോ പദവികളോ അല്ല. അതുകൊണ്ടാണ് നമുക്കിടയില്‍ വഴിയോര കച്ചവടക്കാരനായ നൗഷാദ് ഉണ്ടാകുന്നത്. എത്രയോ പേര്‍ ഭൂമി തന്നെ പ്രളയബാധിതര്‍ക്ക് നല്‍കി. തെക്കരില്‍ വിദ്വേഷത്തിന്റെ വിത്തുപാകിയവരുടെ കണ്‍മുമ്പിലൂടെ തിരുവനന്തപുരം മേയര്‍ പ്രശാന്ത് എന്ന പൊതുപ്രവര്‍ത്തകന്‍ 80ലധികം ലോറി സാധനങ്ങള്‍ വടക്കരുടെ ദുരിത മുഖത്തേക്ക് അയച്ചു. പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് മറ്റുള്ളവര്‍ക്കൊപ്പം മഴ നനഞ്ഞ് നിന്നിട്ടുണ്ട് അനേകം പേര്‍. സേവനത്തിനിടയില്‍ ലിജു എന്ന സഹോദരന്‍ മരണം ഏറ്റുവാങ്ങി. എന്നിട്ടും സേവനം ചെയ്യാന്‍ ജനം കാത്തിരിക്കുന്നു. അതില്‍ കൂടുതലും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ഥികളും യുവാക്കളും. അത്തരമൊരിടത്ത് ആരൊക്കെ എത്ര ഉയരത്തില്‍ കയറിയിരുന്ന് വിദ്വേഷത്തിന്റെയും പകയുടെയും നുണ ബോംബ് എറിഞ്ഞാലും അത് പൊട്ടില്ല.
മനുഷ്യനാകാന്‍ ആദ്യം വേണ്ടത് അകത്തേക്ക് വെളിച്ചം കടത്തിവിടുക എന്നതാണ്. ആ വെളിച്ചത്തില്‍ സംസ്‌കരിക്കപ്പെടുന്നവര്‍ക്കേ മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂ.

ഇ കെ ദിനേശന്‍

---- facebook comment plugin here -----

Latest