അസുഖബാധിതയായി മരണപ്പെട്ട സ്ത്രീയുടെ ഖബറടക്കം നിഷേധിച്ച് മുജാഹിദ് മഹല്ല് കമ്മിറ്റി

Posted on: August 20, 2019 11:34 pm | Last updated: August 21, 2019 at 9:36 am

തേഞ്ഞിപ്പലം: അസുഖബാധിതയായി മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോട് മുജാഹിദ് മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ അനാദരവ്. കഴിഞ്ഞ ആറ് മാസത്തോളമായി പുത്തൂര്‍ പള്ളിക്കല്‍ അങ്ങാടിക്ക് സമീപം കുടുംബസമേതം താമസിക്കുന്ന മാറാട് സ്വദേശി തടിയംകുളം മുസ്തഫയുടെ ഭാര്യ സുഹ്‌റാബി (57)യുടെ മൃതദേഹത്തോടാണ് പുത്തൂര്‍ പള്ളിക്കല്‍ മഹല്ല് കമ്മിറ്റി അനാദരവ് കാട്ടിയത്.

ഖബറടക്കത്തിന് കഴിഞ്ഞയാഴ്ച സുഹ്‌റാബിയുടെ കുടുംബം അനുമതി തേടിയിരുന്നു. ഈ സമയം മഹല്ല് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അനുമതി വേണമെന്നായിരുന്നു മറുപടി. പിന്നീട് മഹല്ല് കമ്മിറ്റി തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് അറിയിച്ചു. അതിന് ശേഷവും കുടുംബത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സുഹ്‌റാബിയുടെ മരണം സംഭവിക്കുകയും മഹല്ല് കമ്മിറ്റിയില്‍ നിന്ന് വ്യക്തമായ മറുപടിയും ലഭിക്കാതിരിക്കുകയും ചെയ്തതോടെ കുടുംബം തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍, സുന്നി വിഭാഗക്കാരിയായ സുഹ്‌റാബിയുടെ മൃതദേഹം മറവു ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുജാഹിദ് വിഭാഗക്കാരായ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഇതോടെ മലപ്പുറം ഡി വൈ എസ് പി ഓഫീസിലേക്ക് രാത്രിയോടെ പോയെങ്കിലും മഹല്ല് കമ്മിറ്റി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇന്ന് രാവിലെ എട്ടിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.