കശ്മീര്‍: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

Posted on: August 20, 2019 8:57 pm | Last updated: August 21, 2019 at 9:45 am

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. വിഷയത്തില്‍ തങ്ങള്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് ഈ തീരുമാനമെടുത്തതെന്നും ഷാ മഹ്മൂദ് ഖുറേഷി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള ഇന്ത്യയുടെ നിലപാടിനോടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പിന്തുണ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി മാര്‍ക് എസ്പര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് , കടുത്ത പ്രസ്!താവനകള്‍ നിയന്ത്രിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.