വീട്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; അബുദാബി പോലീസ് ബോധവല്‍ക്കരണ വീഡിയോ പുറത്തിറക്കി

Posted on: August 20, 2019 8:37 pm | Last updated: August 20, 2019 at 8:37 pm

അബുദാബി : കാറുകള്‍ വീടിനകത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷിത മാര്‍ഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി. വാഹനം വീടിനുള്ളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചുറ്റുവട്ടം ശ്രദ്ധിക്കണം . കുട്ടികള്‍, മുറ്റത്തോ വാഹനത്തിന്റെ അരികിലോ കളിക്കുകയോ മറ്റോ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വാഹനം പാര്‍ക്ക് ചെയ്യുക. അതുപോലെ പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനം റിവേര്‍സ് ചെയ്ത് വാഹനത്തിന്റെ മുന്‍വശം വീടിനു അഭിമുഖമായിടുക. ഇതു വാഹനം എടുക്കുമ്പോള്‍ വീടിന്റെ മുന്‍വശത്ത് നില്‍ക്കുന്ന കുട്ടികളെ നേരിട്ട് നിരീക്ഷിക്കുവാനും, അപകടങ്ങള്‍ ഒഴിവാക്കാനും ഡ്രൈവര്‍ക്ക് കഴിയും.

റിവേഴ്‌സ് ക്യാമറകളും, പാര്‍ക്കിംഗ് സെന്‍സറുകളും (ഡ്രൈവിംഗ് സെന്‍സറുകള്‍), വാഹനങ്ങളിലുള്ള മറ്റു
സുരക്ഷാ മാര്‍ഗങ്ങളും പ്രവര്‍ത്തന ക്ഷമം ആണെന്ന് ഉറപ്പ് വരുത്തണം. അതുപോലെ പാര്‍ക്ക് ചെയ്യുമ്പോള്‍ വളരെ സാവധാനം വാഹനമോടിക്കണം. രണ്ടു വശത്തും, പിന്നിലുമുള്ള കണ്ണാടികളിലൂടെ ചുറ്റുമുള്ള പ്രദേശം പരിശോധിച്ച്, സംശയം തോന്നിയാല്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തുക. ഇതു കുട്ടികളുടെ ശബ്ദം കേള്‍ക്കാന്‍ സഹായിക്കും.

വാഹനം ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും, പ്രത്യേകിച്ചു മാതാപിതാക്കള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, വീടിന്റെ പാര്‍ക്കിംഗിലേക്ക് പ്രവേശിക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അബുദാബി പോലീസ് ഉപദേശിച്ചു.