Editorial
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം

ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. യു പിയിലെ സഹറാപൂരിലാണ് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകന്‍ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷും ഞായറാഴ്ച പട്ടാപകല്‍ കൊല്ലപ്പെട്ടത്. മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. മദ്യ മാഫിയയില്‍ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകനായിരുന്നു ആശിഷെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ആശിഷിന്റെ കുടുംബം അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും ഇതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരുപക്ഷേ, മദ്യ മാഫിയയെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരിക്കാം പോലീസ് നിലപാട്.
രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണവും അവര്‍ കൊല ചെയ്യപ്പെടുന്ന സംഭവവും വര്‍ധിച്ചു വരികയാണ്. ലോകത്ത് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ കൃത്യമായിരിക്കണമെന്നില്ല. സാക്ഷരത കുറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ആരുമറിയുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ ഇതിനിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്.
നിരവധി ഭീഷണികള്‍ നേരിടുന്ന ഒരു തൊഴില്‍ മേഖലയാണ് മാധ്യമപ്രവര്‍ത്തനം. കേവലം അന്നം തേടലല്ല, സമൂഹത്തിനുള്ളിലെ ജീര്‍ണതകളെയും അധികാര കേന്ദ്രങ്ങളിലെ അഴിമതികളെയും പുറത്തു കൊണ്ടുവരലും സാമൂഹിക വിരുദ്ധരെയും മാഫിയാ സംഘങ്ങളെയും തൊലിയുരിച്ചു കാണിക്കലും കൂടിയാണ് മാധ്യമപ്രവര്‍ത്തനം.
അപ്പോഴാണ് അവ ജനാധിപത്യത്തിന്റെ നാലാം തൂണാകുന്നത്. സ്വാഭാവികമായും ഇത് അധികാരി വര്‍ഗത്തിന്റെയും സമൂഹത്തിലെ ഇരുട്ടിന്റെ സന്തതികളുടെയും അനിഷ്ടത്തിനും അപ്രീതിക്കും ഇടയാക്കും. സത്യസന്ധതയോടെയും കൃത്യമായ നീതിബോധത്തോടെയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന യാഥാര്‍ഥ്യങ്ങള്‍ അവരുടെ ജീവന്‍ പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രത്യാഘാതമുണ്ടാക്കിയേക്കാം. ഇത്തരം മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കുകയോ വഴങ്ങുന്നില്ലെങ്കില്‍ കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശ്ശബ്ദരാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്നതാണ് അഴിമതിക്കഥകളും ക്രമക്കേടുകളും പുറത്തു വരാതിരിക്കാന്‍ കോര്‍പറേറ്റുകളും ഭൂമാഫിയകളും അഴിമതി രാഷ്ട്രീയക്കാരും പലപ്പോഴും സ്വീകരിക്കുന്ന വഴി. യു പിയില്‍ ഇതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുകയും യോഗി ആദിത്യനാഥിന്റെ മുറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പോലീസ് അവരെ എമര്‍ജന്‍സി റൂമില്‍ പൂട്ടിയിടുകയുമുണ്ടായി. യോഗി ആശുപത്രിയില്‍ നിന്ന് പോയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.
നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന “വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സി”ന്റെ 2019 എഡിഷനില്‍, നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം ദുഷ്‌കരമായ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ പ്രയോഗിക്കല്‍, ജീവപര്യന്തം തടവു വരെ ലഭിക്കുന്ന 124 എ വകുപ്പു പോലും ചുമത്തി നിശ്ശബ്ദരാക്കല്‍, കശ്മീര്‍ പ്രശ്‌നം തുടങ്ങി നിര്‍ണായക വിഷയങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കല്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും കശ്മീര്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അന്യായമായി തടങ്കലിലിടുന്നതും ഇന്ത്യ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നതിനു തെളിവുകളായി ചൂണ്ടിക്കാട്ടുന്നു. സത്യസന്ധമായി മാധ്യമ ധര്‍മം നിര്‍വഹിച്ചിരുന്ന ഒട്ടേറെ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നിട്ടുമുണ്ട്.
നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തടയുകയും വേണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ പല തവണ സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ ഒരു നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ജീവവായുവായി കാണുന്ന ഭരണഘടനയാണ് നമ്മുടേത്. അത് എക്കാലവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായാല്‍ അത് ജനാധിപത്യത്തിന്റെ കൂടെ തകര്‍ച്ചയാകും. ജാഗ്രതയോടെ കണ്ണ് തുറന്നിരിക്കുന്ന മാധ്യമ ലോകം കൂടെയാണ് ജനാധിപത്യത്തെ ജീവസ്സുറ്റതാക്കി നിര്‍ത്തുന്നത്.