ഹിന്ദി സംഗീത സംവിധായകന്‍ ഖയ്യാം നിര്യാതനായി

Posted on: August 20, 2019 9:58 am | Last updated: August 20, 2019 at 9:58 am

മുംബൈ: ഹിന്ദി സംഗീത സംവിധാന രംഗത്ത് ഹിറ്റുകള്‍ സമ്മാനിച്ച മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാശ്മി നിര്യാതനായി. 92 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പത്ത് ദിവസത്തോളമായി ചികിത്സയിലായിരുന്നു. സിനിമാ രംഗത്ത് ഖയ്യാം എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹം കഭീ കഭീ മേരെ ദില്‍ മേ എന്ന വന്‍ പ്രചാരം നേടിയ ഗാനമുള്‍പ്പടെ ശ്രദ്ധേയമായ നിരവധി പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നു. പത്മഭൂഷണ്‍ ജേതാവാണ്. കഭീ കഭീ, ഉമ്രാവോ ജാന്‍ എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

വോ സുഭഹ് കഭീ തോ ആയേഗീ, ജാനെ ക്യാ ടൂന്‍ട്തീ രഹ്തി ഹെ യെ ആംഖേ മുഝ്‌മേ, ബുഝാ ദിയേ ഹെ ഖുദ് അപ്‌നെ ഹാത്തോം, ടഹരിയേ ഹോഷ് മേം ആ ലൂം, തും അപ്‌നാ രഞ്‌ജോ ഗം അപ്‌നി പരേശാനി മുഝെ ദേ ദോ, ശാമേ ഗം കീ കസം, ബഹാരോം മേരെ ജീവന്‍ മേം സംവാരോ തുടങ്ങിയവ അദ്ദേഹം സംഗീതം നല്‍കി പ്രശസ്തമായ ഗാനങ്ങളില്‍ ചിലതാണ്.