ഉന്നാവോ: ഇരയെ അപകടത്തില്‍ പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി ബി ഐക്ക് രണ്ടാഴ്ച കൂടി

Posted on: August 19, 2019 12:57 pm | Last updated: August 19, 2019 at 3:28 pm

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ട്രക്കിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സി ബി ഐക്ക് സുപ്രീം കോടതി രണ്ടാഴ്ച കൂടി അനുവദിച്ചു. ഇരയും അഭിഭാഷകനും ആശുപത്രിയിലായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി ബി ഐ നാലാഴ്ചത്തെ സാവകാശം തേടിയിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഇരയുടെ അഭിഭാഷകന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ യു പി സര്‍ക്കാറിനും കോടതി നിര്‍ദേശം നല്‍കി. നേരത്തെ കോടതി നിര്‍ദേശ പ്രകാരം ഇരക്ക് 25 ലക്ഷം രൂപ സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമായി അനുവദിച്ചിരുന്നു.

ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലെ സി ബി ഐ കോടതിക്ക് കൈമാറാന്‍ ഈമാസമാദ്യം പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. ദിവസേനയുള്ള വിചാരണ നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
ബി ജെ പി എം എല്‍ എയായ കുല്‍ദീപ് സെനഗറാണ് ബലാത്സംഗ കേസിലെ മുഖ്യ പ്രതി. ജൂലൈ 28ന് റായ്ബറേലിയില്‍ വച്ചാണ് കാറില്‍ ട്രക്കിടിച്ച് ഇരയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് സെനഗര്‍ ഉള്‍പ്പടെ പത്തുപേരെ പ്രതികളാക്കി സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നതോടെ സെനഗറിനെ ബി ജെ പി പുറത്താക്കിയിരുന്നു.