മോചനമില്ലാതെ കശ്മീരി നേതാക്കള്‍; ഇന്ന് തുറന്നത് ഏതാനും സ്‌കൂളുകള്‍, പലയിടത്തും ഹാജര്‍ കുറവ്‌

Posted on: August 19, 2019 11:57 am | Last updated: August 19, 2019 at 1:53 pm

ശ്രീനഗര്‍: കശ്മീരികള്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക ഭരണഘടനാ അവകാശം റദ്ദാക്കുന്നതിന് മുമ്പായി കരുതല്‍ തടങ്കലിലാക്കപ്പെട്ട ജനകീയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുന്നു. കശ്മീരിലെ രാഷ്ട്രീയത്തിലും ജനകീയ വിഷയത്തിലും നിറഞ്ഞ് നിന്ന ഇവര്‍ക്ക് എന്ന് മോചനം ലഭിക്കുമെന്ന ആശങ്കയാണ് താഴ്‌വരയിലങ്ങും.

ഇതിനിടെ യുവാക്കളെ പലയിടത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. മനുഷ്യാവകാശ- സാമൂഹിക പ്രവര്‍ത്തകയാണ് ശഹ്‌ല റാഷിദാണ് ഇത് സംബന്ധിച്ച വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന യുവാക്കളെ രഹസ്യ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്നു. മര്‍ദനത്തെ തുടര്‍ന്ന് വേദനകൊണ്ടുള്ള ഇവരുടെ കരച്ചില്‍ റെക്കോര്‍ഡ് ചെയ്ത് ജനങ്ങളെ കേള്‍പ്പിക്കുന്നു. ജനങ്ങളില്‍ ഭയം നിറച്ച് പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ശഹ്‌ല റാഷിദ് പറയുന്നു. എന്നാല്‍ അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

അതിനിടെ ആഴ്ചകള്‍ക്ക് ശേഷം കശ്മീരിലെ സ്‌കൂളുകളില്‍ ചിലത് ഇന്ന് തുറന്നെങ്കിലും പലയിടത്തും കുട്ടികള്‍ എത്തിയില്ല. ഭയത്താല്‍ കുട്ടികളെ സ്‌കൂളില്‍വിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകാണ്. 95 സ്‌കൂളുകള്‍ മാത്രമാണ് ഇന്ന് തുറന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തുറക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എന്നാല്‍ നേതാക്കള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയില്‍ എങ്ങനെ തങ്ങള്‍ക്ക് സുരക്ഷ ലഭിക്കുമെന്ന വിഷയത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതിനെതിരെ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങള്‍ കടുത്ത ഭാഷയിലാണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രതികരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തലവനും ബി ജെ പിയുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സജാദ് ലോണ്‍, ഐ എ എസില്‍ ഉയര്‍ന്ന റാങ്ക് നേടിയ ആദ്യ കശ്മീരിയും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ തലവനുമായ ഷാ ഫൈസല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സി പി എം സംസ്ഥാന സെക്രട്ടറിയും നാല് തവണ സംസ്ഥാന എം എല്‍ എയുമായ യൂസഫ് തരിഗാമി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സൈഫുദ്ദീന്‍ സോസ്, മുന്‍ സംസ്ഥാന- കേന്ദ്രമന്ത്രിമാരും എം പിമാരുമായ അലി മുഹമ്മദ് സാഗര്‍, അബ്ദുള്‍ റഹീം റാത്തര്‍, മുഹമ്മദ് ഷാഫി, ഗുലാം ഹസന്‍ മിര്‍, ഹക്കീം യാസീന്‍ തുടങ്ങിയവരെല്ലാം കരുതല്‍ തടങ്കലിലാണ്.

ഇവരുടെ വീട്ടുതടങ്കല്‍ എത്രകാലം തുടരുമെന്ന ചോദ്യത്തിന് കടുത്ത വിദ്വേഷം നിറഞ്ഞ മറുപടിയാണ് കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയത്. തടങ്കലിലുള്ള നേതാക്കള്‍ക്ക് ഇനി ഭാവിയില്ല എന്നായിരുന്നു ജിതേന്ദ്ര സിംഗിന്റെ പ്രതികരണം. അവരുടെ രാഷ്ട്രീയ ഇന്നിംഗ്‌സ് അവസാനിച്ചുവെന്ന് അവര്‍ മനസിലാക്കണം. മാധ്യമങ്ങളാണ് ഈ നേതാക്കള്‍ക്ക് ഭാവിയുണ്ടെന്ന് പറഞ്ഞുനടക്കുന്നതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു.