പ്രളയബാധിതർക്ക് ആശ്വാസമേകി കാന്തപുരം; ആദ്യഘട്ടം പത്ത് കോടി

Posted on: August 19, 2019 11:01 am | Last updated: August 19, 2019 at 2:53 pm


നിലമ്പൂർ: പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ആദ്യഘട്ട സഹായമായി പത്ത് കോടി രൂപ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാറുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.
അപകട കാരണങ്ങളിലേക്ക് നമ്മൾ ചിന്തിക്കേണ്ടതില്ല. അത് സർക്കാറും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസികൾ ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളണം.

കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ, കേടുപാട് സംഭവിച്ചവ നന്നാക്കുക, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, പഠനോപകരണങ്ങൾ, രോഗികൾക്ക് ചികിത്സ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ സഹായങ്ങളാണ് ചെയ്യുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ കവളപ്പാറ കാന്തപുരം സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, പി വി അൻവർ എം എൽ എ എന്നിവരുമായി ആശയവിനിമയം നടത്തി. തുടർന്ന് കവളപ്പാറ മഹല്ല് ജുമുഅ മസ്ജിദിൽ പ്രാർഥന നടത്തി പ്രദേശവാസികളെ ആശ്വസിപ്പിച്ചാണ് കാന്തപുരം മടങ്ങിയത്.

നെട്ടിക്കുളത്ത് നടന്ന പ്രാർഥനാ സംഗമത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, ബാപ്പുട്ടി ദാരിമി എടക്കര, അലവിക്കുട്ടി ഫൈസി എടക്കര, ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാൽ കരുളായി, ബഷീർ ചെല്ലക്കൊടി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, ഷക്കീർ അരിമ്പ്ര, പി എച്ച് അബ്ദുർഹ്മാൻ ദാരിമി, റശീദ് മുസ്‌ലിയാർ മുണ്ടേരി, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ, എം അബ്ദുർറഹ്മാൻ, ശുക്കൂർ സഖാഫി കൊണ്ടോട്ടി, യൂസുഫ് പെരിമ്പലം, യൂസുഫ് സഖാഫി മൂത്തേടം കാന്തപുരത്തെ അനുഗമിച്ചു.