Connect with us

Malappuram

ദുരന്തഭൂമിയിലെ വേദനകളില്‍ വിതുമ്പി മുസ്തഫ

Published

|

Last Updated

മുസ്തഫ കവളപ്പാറയിലെ ദുരന്തഭൂമിയില്‍

മലപ്പുറം: കഴിഞ്ഞ എട്ട് ദിവസത്തിനിടെ കവളപ്പാറയിൽ നിന്ന് സഹജീവികളുടെ ചേതനയറ്റ ശരീരങ്ങൾ മണ്ണിൽ നിന്ന് കോരിയെടുത്തത് ഹൃദയവേദനയോടെ ഓർക്കുകയാണ് ചുങ്കത്തറ പാതിരിപാടം പൂന്തിരുത്തി മുസ്തഫ. എസ് വൈ എസ് സാന്ത്വനം വളണ്ടിയറും ട്രോമാകെയർ പ്രവർത്തകനുമായ ഇദ്ദേഹം ഇതുവരെ ഒമ്പത് പേരെയാണ് ദുരന്തഭൂമിയിൽ നിന്ന് കൈയിൽ കോരിയെടുത്തത്.
സംഭവമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മുസ്തഫ ട്രോമാ കെയർ സംഘത്തിൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തുന്നത്.

മലയിടിഞ്ഞ് മണ്ണും കല്ലും മരങ്ങളും വന്ന് നിറഞ്ഞ് പ്രദേശത്തേക്ക് കാലെടുത്ത് വെക്കാൻ കഴിയാത്ത നിലയിലായിരുന്നു നിരവധി വീടുകൾ സ്ഥിതി ചെയ്തിരുന്ന ആ പ്രദേശം. കനത്ത മഴയിൽ വെള്ളം കലർന്ന് കുഴമ്പ് രൂപത്തിലായിരുന്ന മണ്ണിൽ കാലുകൾ ആഴത്തിൽ താഴ്ന്ന് പോകുന്ന അവസ്ഥ. എന്നാൽ കൂട്ടിനെത്തിയ സഹപ്രവർത്തകരും പോലീസും അഗ്നിരക്ഷാ സേനയും നൽകിയ ആത്മധൈര്യത്തിൽ മുന്നോട്ട് നീങ്ങി.

ആദ്യ ദിവസത്തിൽ തന്നെ ഒരമ്മയുടെയും കുഞ്ഞിന്റെയും ശരീരങ്ങളാണ് ലഭിച്ചത്. മൂന്നാം ദിവസത്തെ തിരച്ചിലിലും ഒരു സ്ത്രീയുടെ മൃതദേഹം വൈകീട്ട് നാല് മണിയോടെ കണ്ടെത്തി. അടുത്തദിവസം ജോലിയുടെ ഭാഗമായിയെത്തിയപ്പോൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പോത്തുകല്ലിലെ മസ്ജിദിൽ താത്കാലികമായി സജ്ജീകരിച്ച മുറിയിലെത്തിച്ച മൃതദേഹം വൃത്തിയാക്കുന്നതിനും വസ്ത്രം മാറ്റിനൽകുന്നതിനും കൈമെയ് മറന്നാണ് മുസ്തഫ കൂടെ നിന്നത്.

രക്ഷാപ്രവർത്തന വേളകളിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോൾ കാണാതായ ചിലരുടെ കൈകാലുകളും തലയും വേർതിരിച്ച് ലഭിച്ചതും മുസ്തഫ ദുഃഖത്തോടെ ഓർക്കുന്നു. 2014ൽ എടവണ്ണയിൽ നടന്ന പരിശീലനത്തിലൂടെയാണ് ഇദ്ദേഹം സാന്ത്വനം വളണ്ടിയറാകുന്നത്. തുടർന്ന് സാന്ത്വനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ട്രോമാ കെയറിന്റെ ഭാഗമാകുന്നത്.

കവളപ്പാറയിൽ എത്തുന്നതിന് മുന്നോടിയായി വ്യാഴാഴ്ച എടക്കര പുന്നപുഴയുടെ തീരങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു. പരേതനായ അബ്ദുസ്സലാം-ആഇശ ദമ്പതികളുടെ ഇളയമകനാണ് മുസ്തഫ. ബുശ്‌റ, സുബൈദ സഹോദരിമാരാണ്.

Latest