Connect with us

Gulf

ദിനോസര്‍ അസ്ഥിപഞ്ജരത്തിന് 1.4 കോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: 15.5 കോടി വര്‍ഷം പഴക്കമുള്ള ഭീമന്‍ ദിനോസറിന്റെ അസ്ഥിപഞ്ജരം ലേലത്തിന്. 1.4 കോടി ദിര്‍ഹമാണ് അധികൃതര്‍ നിര്‍ണയിച്ചിട്ടുള്ള മൂല്യം. ദുബൈ മാളില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഓണ്‍ലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്. ഈ മാസം 25നാണ് അവസാന ദിവസം. 24.4 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമുള്ളതാണ് ഈ അസ്ഥിപഞ്ജരം. അഞ്ച് ആനകളുടെ ഭാരം ഇതിനുണ്ട്. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാന്‍ ദുബൈ മാളില്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഇരട്ടി (ഡിപ്ലോസ്)യെന്നും ഒറ്റത്തടി (ഡോകോസ്) എന്നും അര്‍ഥം വരുന്ന ഗ്രീക്ക് വാക്കായ ഡിപ്ലോഡോകസ് ലോന്‍ഗസ് എന്ന വംശത്തില്‍പ്പെട്ട ദിനോസറാണിത്. 90 ശതമാനം അസ്ഥിപഞ്ജരവും യഥാര്‍ഥത്തിലുള്ളതാണ്.

2008ല്‍ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. വീട്ടില്‍ ആഡംബരത്തിന് വയ്ക്കാന്‍ ഒരു ദിനോസര്‍ അസ്ഥിപഞ്ജരം ഒക്കെയുള്ളത് ഒരു ഗമയായി കരുതുന്ന സമ്പന്നര്‍ക്ക് ആലോചിച്ചു നില്‍ക്കാതെ ലേലത്തില്‍ പങ്കെടുക്കാം. ചരിത്രകുതുകികള്‍ക്കും പുരാവസ്തു ശേഖരിക്കുന്നവര്‍ക്കും ഒരു കൈ നോക്കാം. ഓണ്‍ലൈന്‍ ലേലമായതിനാല്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും പങ്കെടുക്കാനും സാധിക്കും. നേരത്തെ ഇത് അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണ്‍ മ്യൂസിയം ഓഫ് നാച്വറല്‍സയന്‍സിലായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. അബുദാബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട് ഗാലറിയുടെ സ്ഥാപകന്‍ ഖാലിദ് സിദ്ദീഖി വഴിയാണ് 2014 മുതല്‍ അസ്ഥിപഞ്ജരം ദുബൈ മാളില്‍ പ്രദര്‍ശിപ്പിച്ചുവന്നത്.

Latest