Editorial
പെഹ്‌ലുഖാൻ വധക്കേസിനും അതേ ഗതി

ചിലപ്പോൾ കോടതികൾ അങ്ങനെയാണ്. മറ്റുള്ളവർക്ക് ബോധ്യപ്പെട്ട തെളിവുകളൊന്നും ന്യായാധിപന്മാർക്ക് ബോധ്യപ്പെടണമെന്നില്ല. വെള്ള കുർത്ത ധരിച്ച പെഹ്‌ലുഖാൻ എന്ന മനുഷ്യനെ 2017 ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ ആൽവാറിൽ ഒരു കൂട്ടം സംഘ്പരിവാർ ഭീകരർ മർദിച്ചു കൊല്ലുന്ന ദൃശ്യം വീഡിയോ വഴി ലോകം മുഴുവൻ കണ്ടതും കണ്ടവർക്കെല്ലാം അത് ബോധ്യപ്പെട്ടതുമാണ്. രാജ്യത്തെ നടുക്കിയ ക്രൂരകൃത്യങ്ങളിലൊന്നായിരുന്നു അത്. പെഹ്‌ലുഖാൻ ജയ്പൂരിൽ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാന അതിർത്തിയിലുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോൾ അവ മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ആക്രമിച്ചത്. ലോകം മുഴുവനും കണ്ട ഈ ആൾക്കൂട്ട കൊലപാതകം പക്ഷേ രാജസ്ഥാനിലെ അൽവാർ അഡീഷണൽ ഡിസ്ട്രിക് ജഡ്ജി സരിതസ്വാമിക്ക് ബോധ്യപ്പെട്ടില്ലത്രേ. ഡൽഹി പോലീസ് കോൺസ്റ്റബിൾ കൂടിയായ രവീന്ദറാണ് ഈ വീഡിയോ എടുത്തത്. റോഡിലൂടെ കടന്നുപോകുമ്പോൾ ഒരാളെ ജനക്കൂട്ടം മർദിക്കുന്നത് കണ്ട് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് രവീന്ദർ കോടതിയിൽ മൊഴി നൽകുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ വസ്തുതാപരമാണെന്ന് ഇതോടെ വ്യക്തമാണ.് എന്നിട്ടും ഇത് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു ജസ്റ്റിസ് സരിതസ്വാമി കേസിലെ പ്രതികളെയെല്ലാം സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുകയായിരുന്നു.
വീഡിയോ ദൃശ്യം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു കോടതി ചട്ടങ്ങളൊന്നും പറയുന്നില്ല. പല കേസുകളിലും അത് സ്വീകരിച്ചിട്ടുമുണ്ട്. ഭാര്യവീട്ടുകാരുടെ ദുരഭിമാനക്കൊലക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്റെ മരണത്തിൽ പ്രതിഭാഗത്തിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിലൊന്ന് വീഡിയോ ദൃശ്യം ആയിരുന്നു. കെവിന്റെ മൃതദേഹം തെന്മല ചാലിയക്കര ആറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ സ്ഥലത്ത് അരക്കൊപ്പം മാത്രമേ ജലനിരപ്പ് ഉണ്ടായിരുന്നുള്ളൂവെന്ന് സ്ഥാപിക്കാനാണ്, മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയത്. കോടതി അത് തെളിവായി സ്വീകരിക്കുകയും ചെയ്തു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലും വീഡിയോ ദൃശ്യങ്ങൾ കോടതി തെളിവായി പരിഗണിച്ചിട്ടുണ്ട്.
ആൾക്കൂട്ട ആക്രമണം തടയുന്നതിന് സുപ്രീം കോടതി ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും അത് നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടതുമാണ്. ഇതനുസരിച്ചു ബി ജെ പി ഇതരർ ഭരണം നടത്തുന്ന ചില സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തുകയുമുണ്ടായി. നിയമനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട് കോടതി. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന കേസുകളിലെ പ്രതികളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ വെറുതെ വിടുകയാണെങ്കിൽ നിയമനിർമാണം കൊണ്ടെന്ത് കാര്യം? ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നത് നീതിന്യായ വ്യവസ്ഥയുടെ സർവാംഗീകൃതമായ തത്വമാണെന്നത് ശരിതന്നെ. പെഹ്‌ലുഖാൻ കേസിൽ ഹാജരാക്കപ്പെട്ട വീഡിയോ കൃത്രിമമാണെങ്കിൽ കോടതി പറഞ്ഞ “സംശയത്തിന്റെ ആനുകൂല്യം”മനസ്സിലാക്കാമായിരുന്നു. എന്നാൽ പ്രതിഭാഗം കോടതിയിൽ അങ്ങനെയൊരു സംശയം ഉന്നയിച്ചതായി വിവരമില്ല.
മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കാവി ഭീകരർ പ്രതികളാകുന്ന കേസുകളിലെല്ലാം തെളിവുകൾ അവർക്കെതിരായിട്ടും കോടതികൾ വെറുതേ വിടുന്നുവെന്ന വ്യാപകമായ വിമർശത്തെ സാധൂകരിക്കുന്നതാണ് പെഹ്‌ലുഖാൻ കേസിലെ വിധിപ്രസ്താവവും. രാജ്യത്തെ ഹിന്ദുത്വ ഭീകരതയുടെ മുഖം വെളിപ്പെട്ട സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിലെ ദൃക്‌സാക്ഷികളിൽ ഏറെയും പാക് പൗരന്മാരായിരുന്നു. ഇവരെ വിസ്തരിക്കണമെന്ന ആവശ്യം തള്ളി ഏകപക്ഷീയമായാണ് സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള നാല് പ്രതികളെയും ഹരിയാന പഞ്ച്കുലയിലെ കോടതി വെറുതെ വിട്ടത്. മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികൾ ഗൂഢാലോചനയിൽ തങ്ങൾക്ക് പങ്കുള്ളതായി കുറ്റസമ്മതം നടത്തിയിട്ടും കോടതി വെറുതേ വിട്ടു. കുറ്റബോധം കൊണ്ടായിരിക്കണം വിധി പ്രസ്താവിച്ച എൻ ഐ എ ജഡ്ജി ജസ്റ്റിസ് രവീന്ദർ റെഡ്ഢി ഏഴ് മണിക്കൂറിനകം സർവീസിൽ നിന്ന് രാജിവെക്കുകയും ചെയ്തു. യു പി എ സർക്കാർ കാവിഭീകരത എന്നു വിശേഷിപ്പിച്ച മലേഗാവ് സ്‌ഫോടനക്കേസിലെ 12 പ്രതികളെയും കോടതി വെറുതേ വിടുകയായിരുന്നു.
ഇന്ത്യൻ ജനാധിപത്യത്തിൽ ജുഡീഷ്യറിക്ക് വലിയ സ്ഥാനമാണുള്ളത്. നീതിയുടെ വിളനിലമായാണ് കോടതികളെ കണക്കാക്കുന്നത്. ഭരണകൂടങ്ങളിൽ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോൾ കോടതികളെയാണ് സാമാന്യജനം ഉറ്റുനോക്കുന്നത്. അതിന്റെ പ്രവർത്തനം സ്വാധീനങ്ങളിൽ നിന്നു മുക്തവും സത്യസന്ധവും സുതാര്യവുമായിരിക്കണം. എന്നാൽ കാവിഭീകരർ പ്രതികളാകുന്ന കേസുകളിലെ വിധികൾ പൊതുവേ കോടതികളുടെ വിശ്വാസ്യതയിൽ സന്ദേഹം ജനിപ്പിക്കുന്നതാണ്. സുപ്രീം കോടതിയിലേതുൾപ്പെടെ രാജ്യത്തെ പല ജഡ്ജിമാരും ഏതോ ചില ബാഹ്യശക്തികളുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അടുത്തിടെ ഒരു ചാനലുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ്. നടേ പറഞ്ഞ കേസുകളിലെല്ലാം പൊതുസമൂഹം ബാഹ്യസ്വാധീനം സന്ദേഹിക്കുന്നുമുണ്ട്. വൈകാരികവും ബാഹ്യവുമായ പരിഗണനകൾ മാറ്റിവെച്ചു ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങളെ ഉൾക്കൊള്ളാൻ കോടതികൾക്ക് സാധിച്ചില്ലെങ്കിൽ നീതിന്യായ സംവിധാനത്തിലുളള വിശ്വാസം ജനങ്ങൾക്ക് പാടേ നഷ്ടമാകും. ഏതായാലും പെഹ്‌ലുഖാൻ വിഷയത്തിൽ പുനരന്വേഷണത്തിന് രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഇത് സ്വാഗതാർഹമാണ്.