Kozhikode
സൗഹൃദം തുണയായി; വിപിനും കുടുംബവും ഇനി അനസിന്റെ വീട്ടിൽ


പ്രളയം ബാധിച്ച് വാസയോഗ്യമല്ലാതായ വീടിന് മുന്പിൽ വിപിൻ
കോഴിക്കോട്: വിപിന്റെ കുടുബം ഇനി സഫിയാസിലെ കുടുംബാംഗങ്ങൾ. പ്രളയം തകർത്ത കൂട്ടുകാരനും കുടുംബത്തിനും സ്വന്തം വീട്ടിൽ കിടപ്പാടമൊരുക്കി മാതൃകയായിരിക്കുകയാണ് ആറാം ക്ലാസുകാരൻ. നടുവട്ടം യാസിൽ മുനീറിന്റെ മകൻ അനസാണ് കൂട്ടുകാരനായ വിപിനും സഹോദരിക്കും അച്ഛനമ്മമാർക്കും വേണ്ടി സ്വന്തം വീട്ടിൽ ഇടമൊരുക്കിയത്.
പ്രളയജലം നീങ്ങിത്തുടങ്ങിയതോടെ ചെറുവണ്ണൂർ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒപ്പം താമസിച്ച അഞ്ഞൂറോളം കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും തകർന്ന വീട്ടിലേക്ക് പോകാനാകാതെ പകച്ചു നിന്ന നടുവട്ടം ആമാങ്കുനിയിലെ ബിജുവിനും കുടുംബത്തിനുമാണ് കുട്ടികളുടെ സൗഹൃദം തുണയായത്.
നടുവട്ടം ഗവൺമെന്റ് യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളാണ് വിപിനും അനസും. നേരത്തേ അരക്കിണറിൽ താമസിച്ചിരുന്ന അനസിന്റെ കുടുംബം ഒരു വർഷം മുമ്പാണ് നടുവട്ടത്തേക്ക് മാറിയത്. തുടർന്ന് സ്കൂളിൽ വെച്ച് വിപിനും അനസും ഉറ്റ ചങ്ങാതിമാരായി. പ്രളയം വിപിനേയും കുടുംബത്തേയും തകർത്ത് തരിപ്പണമാക്കിയപ്പോൾ കാഴ്ചക്കാരനാകാൻ അനസിന്റെ കുഞ്ഞുമനസ്സിനായില്ല.
വസ്ത്രങ്ങളും പുസ്തകവും വീട്ടിലെ സകലവും പ്രളയം കവർന്നതിനൊപ്പം വിണ്ടുകീറിയ വീട്ടിൽ അവർക്കിനി അന്തിയുറങ്ങാൻ ആകില്ലെന്ന കാര്യം അനസ് സ്വന്തം ഉപ്പയേയും ഉമ്മയേയും ബോധിപ്പിച്ചു. മാതാപിതാക്കളായ യാസിൽ മുനീറും റഷീദയും കുഞ്ഞു അനസിന്റെ കാരുണ്യചിന്തകൾക്ക് കരുത്തേകി. അങ്ങനെ ഇന്നലെ മുതൽ വിപിനും അച്ഛനും അമ്മയും സഹോദരങ്ങളും സഫിയാസിലെ കുടുബാംഗങ്ങളായി മാറി.
മീഞ്ചന്ത റെയിൽവേ ഗേറ്റിനടുത്ത് ചായക്കട നടത്തുകയാണ് അനസിന്റെ പിതാവ് യാസിൽ മുനീർ. കൂലിപ്പണിക്കാരനാണ് ബിജു. ബിന്ദുവാണ് ഭാര്യ. വിപിന് പുറമെ സായിനന്ദ മകളാണ്. യാസിൽ മുനീറിന് അനസിനെ കൂടാതെ അമീറ, ആഇശ ഹസീൻ എന്നീ രണ്ട് മക്കളുമുണ്ട്.