അതിര്‍ത്തി പ്രശ്‌നം: ചൈന മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഇന്ത്യ പരിശോധിക്കുന്നു

naongoing
Posted on: August 18, 2019 11:09 am | Last updated: August 18, 2019 at 11:50 am

ന്യൂഡല്‍ഹി/ബീജിംഗ്: അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ 22ാം വട്ട ചര്‍ച്ച സെപ്തംബര്‍ മധ്യത്തോടെ ന്യൂഡല്‍ഹിയില്‍ നടക്കും. ഉഭയകക്ഷി ചര്‍ച്ചക്കു മുന്നോടിയായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിശ്വാസം വളര്‍ത്തുന്നതിന് ചൈന മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പരിശോധിച്ചു വരികയാണ്.

ഡോവലും ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാംങ് യീയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തീയതി കൃത്യമായി തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ, ചൈന നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതില്‍ ഗൗരവതരമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടാണ് ചില പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ചൈന മുന്‍കൂട്ടി ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍, നിര്‍ദേശത്തിന്റെ ഉള്ളടക്കം ഇരു വിഭാഗവും പുറത്തു വിട്ടിട്ടില്ല.