പുത്തുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

Posted on: August 17, 2019 7:47 pm | Last updated: August 17, 2019 at 7:47 pm

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ വയനാട് ജില്ലയിലെ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരല്‍മല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പ്രകൃതി സംഹാര താണ്ഡവമാടിയ പുത്തു മലയില്‍ ആറു കിലോമീറ്ററോളം 11 kV ലൈന്‍ പുതുക്കി പണിത് ഒരു കിലോമീറ്റര്‍ പുതിയ ലൈനും കേവലം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത് കോണ്‍ടാക്ടര്‍മാരുടേയും, കെ എസ് ഇ ബി എല്‍ ജീവനക്കാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ്. പ്രളയത്തില്‍ മുങ്ങിയ വീടുകളിലെ വയറിംഗ് പരിശോധന കെ എസ് ഇ ബി എല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.