മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

Posted on: August 17, 2019 1:56 pm | Last updated: August 18, 2019 at 10:40 am

ന്യൂഡല്‍ഹി: 2019ലെ ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശിപാര്‍ശ. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണിത്. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ബൈചുങ് ബൂട്ടിയ, എം.സി. മേരികോം എന്നിവരുള്‍പ്പെട്ട 12 അംഗ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.

‘ഗോള്‍മുഖത്തെ കടുവ’ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്ക്, 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയെന്ന നേട്ടവും കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്കിനു സ്വന്തം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. 15-ാം വയസില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന ഫ്രഡറികിന് മികച്ച ഹോക്കി താരമായി വളര്‍ത്തിയത് സര്‍വീസ് ക്യാമ്പില്‍ ലഭിച്ച പരിശീലനമാണ്. ബോബി അലോഷ്യസ്, ടിപി പത്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് ഇതിന് മുമ്പ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയ മലയാളികള്‍