Kerala
സിപിഐ നേതാക്കള്‍ക്ക് ലാത്തിചാര്‍ജില്‍ പരുക്കേറ്റ സംഭവം: പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് ഡിജിപി

കൊച്ചി: സിപിഐയുടെ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്കും പാര്‍ട്ടി നേതാക്കള്‍ക്കും ലാത്തിചാര്‍ജില്‍ പരുക്കേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയെ ഡിജിപി അറിയിച്ചു.
ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്. പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ക്ക് ലാത്തിയടിയേറ്റിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി. പതിനെട്ട് സെക്കന്റ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു.