കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്

Posted on: August 16, 2019 2:58 pm | Last updated: August 16, 2019 at 9:24 pm
പെഹ്‌ലു ഖാന്‍ (ഫയല്‍)

ജയ്പൂര്‍: കാലിക്കടത്ത് ആരോപിച്ച് മേവാത്തിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ് പുനരന്വേഷിക്കാന്‍ ഉത്തരവ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അള്‍വാര്‍ അഡീഷനല്‍ ജില്ല കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വിട്ടയച്ച കോടതി, പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2017 ഏപ്രില്‍ ഒന്നിനായിരുന്നു രാജസ്ഥാനിലെ കാലിച്ചന്തയില്‍ നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടു പോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ പശുസംരക്ഷകരെന്ന് അവകാശപ്പെട്ട ഗുണ്ടകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പെഹ്‌ലുഖാന്‍ കൊല്ലപ്പെടുകയായിരുന്നു