Kerala
ഒരു വർഷത്തിനിടെ വർധിച്ചത് ഇരട്ടിയിലധികം ക്വാറികൾ

കോഴിക്കോട്: സംസ്ഥാനത്ത് ഒരു വർഷത്തിനിടയിൽ വർധിച്ചത് മൂവായിരത്തിലധികം ക്വാറികൾ. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം ഒരു വർഷം മുമ്പ് മൂവായിരം ക്വാറികൾ മാത്രമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 6100 ക്വാറികളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ക്വാറികളുടെ വർധന സംസ്ഥാനത്ത് ഇപ്പോഴുള്ള പ്രളയ ദുരന്തത്തിന് ഒരു കാരണമായെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ വിലയിരുത്തൽ.
ജില്ലാ തലത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രണ്ട് സമിതികളാണ് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നത്. ഒന്ന് ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല പരിസ്ഥിതി ആഘാത പഠന സമിതിയും മറ്റൊന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ചെയർമാനായ പരിസ്ഥിതി വിദഗ്ധ സമിതിയും. ഈ രണ്ട് സമിതികളിലും ക്വാറികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള പാരിസ്ഥിതിക വിദഗ്ധരില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ദേശീയ ഹരിത ട്രൈബ്യൂണൽ പിരിച്ചുവിട്ടിരിന്നു. എന്നാൽ എല്ലാ ജില്ലകളിലും ഈ സമിതികൾ അനുവദിച്ച ക്വാറികൾ ഇതിന് ശേഷവും പ്രവർത്തനം തുടരുകയാണ്. ഈ രണ്ട് സമിതികളും അനുവദിച്ച ക്വാറികൾ പ്രവർത്തിപ്പിക്കണോ നിർത്തലാക്കണമോ എന്നത് സംബന്ധിച്ച് ഹരിത ട്രൈബ്യൂണൽ വിധിയിൽ വ്യക്തമാക്കിയിരുന്നില്ല. ഇവയിൽ പലതും പ്രവർത്തിക്കുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലും വനത്തിനുള്ളിലും വനത്തോട് ചേർന്നുമാണ്.
കൃഷിക്ക് വേണ്ടിയുൾപ്പെടെയുള്ള പട്ടയഭൂമിയിലും വനത്തിലും വനത്തിന് സമീപവും ക്വാറികൾ അനുവദിക്കാമെന്ന് സർക്കാർ ഉത്തവിറക്കിയതോടെ ക്വാറികൾ വ്യാപകമായി. വിഴിഞ്ഞം തുറമുഖം പോലുള്ള വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വാറികൾ അനുവദിക്കുന്നത് ഉദാരമാക്കിയത്. ഇത്തരത്തിൽ ജില്ലാ തല സമിതികൾ നേരത്തേ അനുവദിച്ച ക്വാറികൾ പ്രവർത്തിപ്പിക്കുന്നത് പോലും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ കല്ല് ലഭിക്കാൻ വേണ്ടി ആഴത്തിൽ കുഴികളുണ്ടാക്കി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചാണ് പാറ ഖനനം നടത്തുന്നത്. ഇത് മലയെ മൊത്തം ഇളക്കിമറിക്കാനും ഭൂമിക്കടിയിലെ വെള്ളത്തിന്റെ ദിശയെ മാറ്റാനും ഇടയുണ്ട്. ഏഴ് കിലോ മീറ്റർ വരെ പാറ പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. മേൽ മണ്ണ് നീക്കി പാറ ഖനനം നടത്താൻ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ മിക്ക സ്ഥലങ്ങളിലും മേൽമണ്ണ് എട്ട് മുതൽ പത്തടി വരെ നീക്കിയാണ് പാറ ഖനനമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
പാറ പൊട്ടിച്ച് കഴിഞ്ഞാൽ മേൽ ഭാഗത്ത് മണ്ണ് ഉപയോഗിച്ച് മൂടണമെന്ന് സെൻട്രൽ മൈനർ, മിനറൽ കൺസ്ട്രക്ഷൻ ആക്ടിൽ പറയുന്നുണ്ട്. എന്നാൽ കേരളത്തിലൊരിടത്തും ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതിനൊരപവാദം കരിപ്പൂർ വിമാനത്താവളത്തിന് വേണ്ടി ഭൂമിയേറ്റെടുത്തപ്പോഴാണ്. ഇവിടെ പാറ പൊട്ടിച്ച ശേഷം വലിയ തോതിൽ മണ്ണിട്ട് മൂടി. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര നിയമപ്രകാരം അന്ന് വിമാനത്താവളത്തിന് വേണ്ടി ഭൂമിയേറ്റെടുത്ത കേന്ദ്രസർക്കാർ ഇതിന് അംഗീകാരം നൽകിയത്.