Ongoing News
കോലി ക്ലാസിക്, മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം; പരമ്പരയും സ്വന്തം

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: മൂന്നാം ഏകദിനം ആറു വിക്കറ്റിന് ജയിച്ച ഇന്ത്യ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ടി ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. വിരാട് കോലിയുടെ ശതകവും ശ്രേയസ് അയ്യരുടെ മികവുറ്റ ഇന്നിംഗ്‌സുമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. ഇടക്ക് മഴയെത്തി കളി മുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴയില്‍ മുങ്ങിപ്പോയപ്പോള്‍ രണ്ടെണ്ണം ഇന്ത്യ ജയിച്ചു. പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടിയ കോലി തന്നെയാണ് പരമ്പരയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവക്കുന്ന രീതിയിലായിരുന്നു വിന്‍ഡീസിന്റെ തുടക്കം. അവസാന മത്സരം കളിക്കുന്ന ക്രിസ് ഗെയ്ലും എവിന്‍ ലൂയിസും ഓപ്പണിംഗില്‍ തകര്‍ത്താടി. 41 പന്തില്‍ 72 റണ്‍സാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 29 പന്തില്‍ 43 റണ്‍സ് ലൂയിസും അടിച്ചെടുത്തു. വിന്‍ഡീസ് ടോട്ടല്‍ 158ല്‍ നില്‍ക്കെയാണ് മഴ കളിച്ചത്. തുടര്‍ന്ന് 35 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ 15 പന്തുകള്‍ ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം മറികടന്നു. 99 പന്തില്‍ 114 റണ്‍സ് നേടി കിടിലന്‍ പ്രകടനം കാഴ്ചവച്ച കോലിയും 41 പന്തില്‍ 65 നേടിയ അയ്യരുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 43 ാം ഏകദിന സെഞ്ച്വറിയാണ് കോലി ഈ മത്സരത്തിലൂടെ കണ്ടെത്തിയത്. 14 ബൗണ്ടറികള്‍ കോലിയുടെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു. അയ്യര്‍ അഞ്ച്് സിക്സും മൂന്ന് ഫോറും പറത്തി. രോഹിത് ശര്‍മ (10), ശിഖര്‍ ധവാന്‍ (36), ഋഷഭ് പന്ത് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (12 പന്തില്‍ 19) പുറത്താവാതെ നിന്നു. ഫാബിയന്‍ അലന്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. കോലിയാണ് മാന്‍ ഓഫ് ദി മാച്ച്.