National
നാം വഴി നയിക്കും, ലോകം പിന്തുണക്കും; ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാന മന്ത്രി

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യ ദിനം രാജ്യമെങ്ങും വിവിധ ചടങ്ങുകളോടെ കൊണ്ടാടി. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തു. കശ്മീരും വിവിധ ഭാഗങ്ങളിലെ പ്രളയക്കെടുതികളും മുത്വലാഖ് ബില്ലുമെല്ലാം പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ വിഷയമായി. നാം വഴി നയിക്കും ലോകം പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. തീരുമാനം ഐകകണ്‌ഠ്യേന എടുത്തതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമാണ് ഇതിലൂടെ സഫലീകരിച്ചത്. 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് എഴുപതു ദിവസം കൊണ്ട് സാധിച്ചു.
പ്രളയത്തില്‍ വലിയൊരു വിഭാഗം ദുരിതമനുഭവിക്കുകയാണെന്നും ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവും എല്ലാവര്‍ക്കും ആരോഗ്യവും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളാണ്. രാജ്യത്തെല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. ഇതിന് മൂന്നര ലക്ഷം കോടി രൂപ നീക്കിവെക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. മുത്വലാഖ് നിരോധനം രാഷ്ട്രീയ തീരുമാനമായിരുന്നില്ല. നടപടി മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഏകോപനത്തിന് ഒരു മേധാവിയെ നിയമിക്കുമെന്നതുള്‍പ്പടെയുള്ള ചില സുപ്രധാന പ്രഖ്യാപനങ്ങളും പ്രധാന മന്ത്രി നടത്തി. സേനയുടെ നവീകരണമടക്കമുള്ള ഉത്തരവാദിത്തങ്ങളാണ് കര, നാവിക, വ്യോമ സൈന്യത്തിന്റെ മേധാവി നിര്‍വഹിക്കുക. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി.
രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നിര്‍വഹിച്ച ശേഷമാണ് പ്രധാന മന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പതാകയുയര്‍ത്തി.