ബഷീറിന്റെ കുടുംബത്തെ സഹായിച്ച സര്‍ക്കാറിന് അഭിവാദ്യം, ശ്രീറാമിന് ശിക്ഷ ഉറപ്പാക്കണം: സിറാജ് സെല്‍

Posted on: August 14, 2019 8:56 pm | Last updated: August 15, 2019 at 12:17 pm

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ചു കൊലപ്പെടുത്തിയ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കാനും കുടുംബത്തിന് ആറു ലക്ഷം രൂപ സഹായധനമായി നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ കെ യു ഡബ്ല്യു ജെ-കെ എന്‍ ഇ എഫ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി (സിറാജ് സെല്‍) സ്വാഗതം ചെയ്തു. പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ബഷീറിന്റെ കുടുംബത്തിന് ഏറെ സഹായകമായ നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാറിനെ അഭിവാദ്യം ചെയ്യുന്നതായി കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിച്ച് അതീവ ഗുരുതരമായ നിയമ ലംഘനം നടത്തുകയും കൊലപാതകം നടത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് സെല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമ വ്യവസ്ഥകളെയെല്ലാം പുച്ഛിച്ചുകൊണ്ട് കേസ് അട്ടിമറിക്കുന്ന ഐ എ എസ്- ഐ പി എസ് ലോബി അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. ഇത് പൊതു സമൂഹത്തെ ഏറെ ആശങ്കയിലാഴ്ത്തുന്നതാണ്. സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണിത്.

കൃത്യസമയത്ത് ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാതിരിക്കുകയും പ്രതിയെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്ത ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. കൊലപാതക കേസില്‍ ശ്രീറാമിന് വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കുന്നതിനും ഹൈക്കോടതി അത് ശരിവെക്കുന്നതിനും കാരണമായത് പോലീസ് നടത്തിയ കൃത്യവിലോപമാണ്. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കടുത്ത വീഴ്ച വരുത്തിയ എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണം.

ശ്രീറാമിന് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും ബഷീറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സിറാജ് സെല്‍ ആവശ്യപ്പെട്ടു.