പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ്: ആറു പ്രതികളെയും വെറുതെ വിട്ടു

Posted on: August 14, 2019 7:04 pm | Last updated: August 15, 2019 at 9:33 am
പെഹ്‌ലു ഖാന്‍ (ഫയല്‍)

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ക്ഷീര കര്‍ഷകന്‍ പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസില്‍ ആറ് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടു. വിപിന്‍ യാദവ്, രവീന്ദ്ര യാദവ്, കലുറാം യാദവ്, ദയാനന്ദ് യാദവ്, യോഗേഷ് കാത്തി, ഭിം റാത്തി എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ആള്‍വാര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി-1 വെറുതെ വിട്ടത്. 2017 ഏപ്രില്‍ ഒന്നിനുണ്ടായ സംഭവത്തില്‍ ഈമാസം ഏഴിന് കോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

വിധിക്കെതിരെ പെഹ്‌ലുഖാന്റെ കുടുംബം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ കാസിം ഖാനും പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഖത്താനയും പറഞ്ഞു. മരണത്തിലേക്ക് വഴിതെളിക്കുന്ന രീതിയില്‍ ആള്‍ക്കൂട്ടം മര്‍ദിക്കുന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ വരെ പിഴയും വിധിക്കുന്ന ബില്ല് രാജസ്ഥാന്‍ നിയമസഭ പാസാക്കി പത്തു ദിവസത്തിനുള്ളിലാണ് ഇരക്കെതിരായ ഈ വിധിയെന്നത് ശ്രദ്ധേയമാണ്.

ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതയിലെ ബെഹ്‌റോറില്‍ വച്ചാണ് ആള്‍ക്കൂട്ടം പെഹ്‌ലുഖാനെ ഭീകരമായി മര്‍ദിച്ചത്. സാരമായി പരുക്കേറ്റ 55കാരനായ പെഹ്‌ലു ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 ഏപ്രില്‍ മൂന്നിനാണ് മരിച്ചത്. കൊലപാതകം, കലഹം, മര്‍ദനം, തടഞ്ഞുവെക്കല്‍, സ്വത്തുക്കള്‍ നശിപ്പിക്കല്‍, മോഷണം എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് ചാര്‍ജ് ചെയ്തിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ 200 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ക്രൈം ബ്രാഞ്ച് ന്ടത്തിയ അന്വേഷണത്തില്‍ 12 പേരാണ് അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് കണ്ടെത്തി. ഇതില്‍ ആറു പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ആറു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.