Connect with us

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു; പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പുയരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. കനത്ത മഴയെതുര്‍ന്നത് പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളലക്ടമാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശക്തമായ മഴയാണുള്ളത്. മലയോരമേഖലയില്‍ മഴക്ക് നേരിയ ശമനമുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ ശക്തമായ മഴയാണ്.

പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാത്രി പമ്പാ നദിയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.

കോട്ടയത്ത് കിഴക്കന്‍ മേഖലയില്‍ രാത്രി നല്ല മഴ പെയ്തു. പാല ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. മീനച്ചിലാറില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. കിഴക്കന്‍ മേഖലയില്‍ രാത്രി നല്ല മഴ പെയ്തു.

കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുതല്‍ ഇടവിട്ട് നല്ല മഴ പെയ്യുന്നുണ്ട്. വെള്ളക്കെട്ട് ഒഴിയാത്തതിനാല്‍ എസി റോഡിലൂടെയുള്ള ഗതാഗതം ഇന്നും തടസ്സപ്പെടും. ആലപ്പുഴയില്‍ നിന്ന് മങ്കൊമ്പ് വരെ മാത്രമാകും വാഹനങ്ങള്‍ പോകുക.

എറണാകുളം ജില്ലയില്‍ ചിലയിടങ്ങളില്‍ രാത്രി മഴ പെയ്തു. കോതമംഗലം താലൂക്കില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത മഴയില്‍ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് മുങ്ങി. ഇതേ തുടര്‍ന്ന് പത്തോളം ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് ബ്ലാവന കടവില്‍ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചു.

Latest