Kerala
പ്രളയം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി-മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധി ഭീഷണി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികള്‍ക്ക് ക്യാമ്പുകളില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ സംഘവും പ്രവര്‍ത്തനം തുടങ്ങിയതായി മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ പ്രത്യേക മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തെ പറ്റി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചുവെന്നും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.